ദുരന്തഓര്മകളുമായി സ്നേഹതീരമണഞ്ഞ്
1443192
Friday, August 9, 2024 1:54 AM IST
ചിറ്റൂർ: വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽനിന്നും രക്ഷപ്പെട്ട ശിവാനന്ദൻ- സുശീല ചിറ്റൂരിലെ മക്കളുടെ വീട്ടിലെത്തി.
ചിറ്റൂർ അണിക്കോട് കവറമേട്ടിലെ വീട്ടിലേക്കു വിവരമന്വേഷിച്ചുവരുന്നവരോടു തേങ്ങലോടെ ഇവർക്കു പറയാനുള്ളതു ദുരന്തഭൂമിയിലെ നൊന്പരക്കാഴ്ചകൾ.
നാല്പതു വർഷമായി ചൂരൽമല സ്കൂളിനുസമീപം ഹാരിസൻ തേയിലത്തോട്ടത്തിലെ ജീവനക്കാരാണിവർ.
തങ്ങളുടെ ജീവിതകാല സമ്പാദ്യങ്ങളെല്ലാം കൺമുമ്പിൽ മഴവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോവുമ്പോഴും ജീവൻ തിരിച്ചുകിട്ടുമെന്നു പ്രതീക്ഷയൊന്നുമില്ലായിരുന്നു.
കടൽപോലെ ഒഴുകിയെത്തിയ വെള്ളപ്പാച്ചിലിനിടയിലും വീടിന്റെ ജനൽകന്പികളിൽ പിടിച്ചുനിന്നതാണ് തുണയായത്. വെള്ളംകുറഞ്ഞശേഷം നാട്ടുകാരും ഫയർഫോഴ്സും മറ്റു രക്ഷാപ്രവർത്തകരും ചേർന്നാണു രണ്ടുകിലോമീറ്റർ ദൂരം കുന്നിറക്കി ക്യാന്പിലെത്തിച്ചതെന്ന് ഇവർ വിറയലോടെ വിവരിച്ചു.
അന്നു രണ്ടുതവണ ഉരുൾപൊട്ടുന്ന ശബ്ദം കേട്ടതായും ഇവർ പറഞ്ഞു. ക്യാന്പിൽ ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്നു സുശീലയെ കല്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലുദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ഇരുവരെയും മക്കൾ നാട്ടിലെത്തിച്ചത്. ആശ്വസിപ്പിക്കാൻ ബന്ധുക്കളടക്കമുള്ളവർ ചിറ്റൂരിലെ വീട്ടിലേക്ക് എത്തുന്പോൾ ഇവരുടെ പ്രാർഥന ഇത്രമാത്രം... ആർക്കും ഈ ദുർവിധിയുണ്ടാവരുതേ...