പാലക്കാട്: മഴയിൽ മറിഞ്ഞുവീണ മരം മുറിച്ചിട്ടെങ്കിലും തടികൾ മാറ്റാത്തതിനാലും പൊട്ടിപ്പൊളിഞ്ഞ മേൽക്കൂര മാറ്റാത്തതിനാലും വാഹനങ്ങൾ റോഡരികിൽ നിർത്തേണ്ട ഗതികേടാണെന്ന് ടൗണിലെ ടാക്സി ഡ്രൈവർമാർ പരാതിപ്പെട്ടു.
അറുപതു വർഷത്തിലധികം പഴക്കമുള്ളതാണ് പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിനു മുന്നിലെ ടാക്സി സ്റ്റാൻഡ്. ചെളി നിറഞ്ഞും ടോയ് ലറ്റ് സൗകര്യമില്ലാതേയും ബുദ്ധിമുട്ടുകയാണ് ഇവർ. റോഡിന്റെ ഇരുപത്തിയഞ്ചു ശതമാനം റോഡിലേക്ക് കയറിയാണ് ടാക്സികൾ നിർത്തിയിരിക്കുന്നത്. മറുവശത്ത് മറ്റു വാഹനങ്ങളും പാർക്ക് ചെയ്യുന്നതോടെ യന്ത്രഗോവണി പരിസരം ഗതാഗതകുരുക്കിൽപ്പെടുന്നത് സ്ഥിരം കാഴ്ചയാണെന്ന് ടാക്സി ഡ്രൈവർമാരായ മുഹമ്മദ് ഇബ്രാഹിമും രവീന്ദ്രനും പറഞ്ഞു. മരത്തടികൾ എത്രയും വേഗം എടുത്തുമാറ്റി ടാക്സി സ്റ്റാൻഡ് പുനർനിർമിക്കുക, ടോയ് ലറ്റ് സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് ടാക്സി ഡ്രൈവർമാരും നാട്ടുകാരും ഉന്നയിക്കുന്നത്.