കാഞ്ഞിരപ്പുഴക്കാർക്കു മികച്ച നിലവാരത്തിലുള്ള റോഡ് സ്വന്തമാകുന്നു
1442897
Thursday, August 8, 2024 1:51 AM IST
മണ്ണാര്‍ക്കാട്: ആറുവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കാഞ്ഞിരപ്പുഴക്കാര്‍ക്ക് മനോഹരമായൊരു റോഡ് സ്വന്തമായി. കാഴ്ചയില്‍ വിദേശരാജ്യങ്ങളിലേതുപോലെയുള്ള റോഡില്‍ സുഗമമായ യാത്ര ആസ്വദിക്കുകയാണ് മലയോരഗ്രാമവാസികളുള്പ്പെടെ കാഞ്ഞിരപ്പുഴയിലേക്കെത്തുന്നവരെല്ലാം. പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ ചിറക്കല്പ്പടിയില്നിന്നും തിരിഞ്ഞ് കാഞ്ഞിരപ്പുഴയിലേക്ക് കയറുമ്പോള്‍തന്നെ വിദൂരക്കാഴ്ചകള്‍ മനസ് നിറയ്ക്കും.
ഇന്റർലോക്ക് കട്ടവിരിച്ച് കാഞ്ഞിരം ടൗണിലേക്ക് പ്രവേശിക്കുമ്പോള്‍ അടുത്തായി പച്ചപ്പണിഞ്ഞ വാക്കോടന്മലയുടെ സൗന്ദര്യം തെളിഞ്ഞുകാണാം. റോഡിന്റെ നിലവാരമുയര്‍ന്നത് കാഞ്ഞിരപ്പുഴ ഉദ്യാനത്തിനും ഗുണകരമാകുന്നുണ്ട്. നേരത്തെ തകര്‍ന്നുകിടന്ന റോഡിലൂടെ ഏറെ പ്രയാസപ്പെട്ടാണ് നാട്ടുകാരും വിനോദസഞ്ചാരികളുമെല്ലാം യാത്ര നടത്തിയിരുന്നത്. റോഡ് നവീകരിക്കാന്‍ 2018ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 24.33 കോടി രൂപ അനുവദിക്കുകയായിരുന്നു. എന്നാല്‍ പ്രവൃത്തികള്‍ പാതിവഴിയില്‍ നിലച്ചു. നേരത്തെ രണ്ട് കരാറുകാര്‍ ഉപേക്ഷിച്ചു പോയ നവീകരണ പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്തതോടെയാണ് റോഡിന്റെ തലവര മാറിയത്.
ത്വരിതഗതിയില്‍ നവീകരണ ജോലികളെല്ലാം ആരംഭിച്ചു. വര്മ്മംകോടും, കാഞ്ഞിരത്തും രണ്ട് പാലങ്ങള്‍ നിര്‍മിച്ചു. ചിറക്കല്‍പ്പടി, കാഞ്ഞിരം, ഉദ്യാനത്തിന് സമീപം എന്നിവിടങ്ങളില്‍ കൈവരികളോടു കൂടിയ നടപ്പാത നിര്‍മിച്ചു. കാഞ്ഞിരം ടൗണില്‍ പൂട്ടുകട്ട വിരിച്ച് മനോഹരമാക്കി. ഇതിനകം 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തീകരിച്ചതായി യുഎല്‍സിസിഎസ് അധികൃതര്‍ അറിയിച്ചു. കാഞ്ഞിരം ടൗണ്‍, ബെവ്കോ പരിസരം എന്നിവിടങ്ങളില്‍ പ്രവൃത്തി തടസപ്പെട്ടത് പുനരാരംഭിച്ചിട്ടുണ്ട്.
ചില ഭാഗങ്ങളിൽ ഇന്റർലോക്ക് കട്ട വിരിക്കലും അഴുക്കുചാല്‍ നിര്‍മാണവുമാണ് അവശേഷിക്കുന്നത്. കയ്യേറ്റവിഷയവുമായി ബന്ധപ്പെട്ടാണ് തടസം. ഇത് കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീരുമാനങ്ങളുണ്ടാകുന്നപക്ഷം ബാക്കിയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കരാര്‍ കമ്പനി പറയുന്നു.
മിനുക്കുപണികളായി സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കലും നടപ്പാതയിലുള്പ്പെടെയുള്ള കോണ്‍ക്രീറ്റ് ഭിത്തികള്‍ പെയിന്റ് ചെയ്യുന്ന ജോലികളും നടന്നുവരികയാണ്. കരാര്‍ കാലാവധി അടുത്തമാസത്തേക്ക് ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ട്.