ശാന്തിനഗർ നിവാസികൾ അശാന്തിയിലാണ്, വീടുകളിൽ വെള്ളംകയറിയതു മൂന്നുതവണ
1442607
Wednesday, August 7, 2024 1:24 AM IST
ഒറ്റപ്പാലം: വെള്ളപ്പൊക്കത്തിൽ മൂന്നു തവണ വീടുകളിൽ വെള്ളം കയറി സർവതും നശിച്ച ദുരനുഭവവുമായി ശാന്തിനഗർ നിവാസികൾ. മഴക്കാറു കണ്ടാലിപ്പോൾ ഇവരുടെ ഉള്ളിൽ തീയാണ്.
കഴിഞ്ഞ മൂന്നു തവണയാണ് ഇവരുടെ വീടുകളിൽ കരകവിഞ്ഞെത്തിയ വെള്ളം നാശം വിതച്ചത്. കണ്ണിയംപുറംതോട് കവിഞ്ഞൊഴുകിയായിരുന്നു ഇത്. ഇത്തവണയും ഇത് ആവർത്തിച്ചു.
കഴിഞ്ഞ രണ്ട് പ്രളയകാലത്തും വെള്ളം ഇവിടത്തെ വീടുകളിലേക്കെത്തിയിരുന്നു.
വെള്ളം കയറുന്നതും മണ്ണിടിച്ചിലും തടയാൻ കണ്ണിയംപുറം തോടിന് സംരക്ഷണഭിത്തി വേണമെന്നാവശ്യപ്പെട്ട് ഇവർ മുട്ടാത്ത വാതിലുകളില്ല. ശാന്തിനഗറിലെ 55 വീട്ടുകാരാണ് കണ്ണിയംപുറം തോട് കരകവിയുമോയെന്ന ഭീതിയിൽ ഇപ്പോഴുമുള്ളത്. പലയിടത്തും തിരിവുകളുമുണ്ട്.
ശക്തമായ മഴപെയ്ത് വെള്ളം കുത്തിയൊലിച്ചുവരുമ്പോൾ വളവുകളിലെ വശങ്ങളിൽ കുത്തി മണ്ണിടിച്ചിലുണ്ടാകും.
ഇത് തോടിന്റെ വശം ഇടിയുന്നതിനൊപ്പം വേഗം വെള്ളംകയറാനും കാരണമാവുകയാണ്.
കഴിഞ്ഞ സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റിലാണ് കണ്ണിയംപുറം-ഈസ്റ്റ് ഒറ്റപ്പാലം തോടുകൾക്ക് സംരക്ഷണഭിത്തി കെട്ടാൻ 20 കോടി രൂപ അനുവദിച്ചെന്ന പ്രഖ്യാപനമുണ്ടായത്.
പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയപ്പോൾ ശാന്തിനഗറുകാർ ജലസേചനവകുപ്പിനെ സമീപിച്ചു. തുടർന്ന് 500 മീറ്ററിൽ സംരക്ഷണഭിത്തി കെട്ടാൻ വകുപ്പ് 2.48 കോടി രൂപയുടെ പദ്ധതിരേഖയുണ്ടാക്കി.
എന്നാൽ, ഫണ്ട് കിട്ടാതെ വന്നതോടെ പദ്ധതി മുടങ്ങി. റവന്യു അദാലത്ത് നടന്നപ്പോൾ ശാന്തിനഗർ റെസിഡന്റ്സ് അസോസിയേഷൻ പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ ഒരുവശംമാത്രം ആദ്യം സംരക്ഷണഭിത്തി കെട്ടാമെന്ന തീരുമാനത്തിലെത്തി.
അതിനും സ്ഥലത്തിന്റെ സർവേ പൂർത്തിയാകണമെന്ന സ്ഥിതി വന്നതോടെ ആ പദ്ധതിയും നിലച്ച മട്ടിലാണ്.