വടക്കഞ്ചേരിയിൽ കടയിൽനിന്ന് പണം തട്ടിയെടുത്തു
1442598
Wednesday, August 7, 2024 1:24 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ തട്ടിപ്പുവീരൻ വീണ്ടും എത്തി. ടൗണിൽ സുനിത ജംഗ്ഷനിലുള്ള കീടനാശിനികടയായ കിസാൻ ഏജൻസീസിൽനിന്നും കടയിലെ ജീവനക്കാരിയെ പറ്റിച്ച് 1150 രൂപ തട്ടിയെടുത്തു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. പാന്റ്സും ടീഷർട്ടും ധരിച്ച 35 വയസ് തോന്നിക്കുന്ന യുവാവ് അച്ചായൻ എവിടെ എന്നുചോദിച്ച് വലിയ പരിചയഭാവത്തോടെയാണ് കയറിവന്നതെന്നു കടയിലെ ജീവനക്കാരി പറഞ്ഞു.
മുമ്പുള്ള സ്റ്റാഫിനെക്കുറിച്ചും മറ്റും ചോദിച്ചറിഞ്ഞു. താൻ പുതിയ സ്റ്റാഫാണോ എന്നും ചോദിച്ചു. അതെ എന്നുപറഞ്ഞതോടെ സ്ഥിരംവരുന്ന ആളാണെന്ന മട്ടിലായി പിന്നെ പെരുമാറ്റം. കൂർക്കയ്ക്ക് അടിക്കാനുള്ള മരുന്ന്, വളം, വിത്തുകൾ എല്ലാം എടുത്തു വച്ചു.
20 രൂപ കൊടുത്ത് രണ്ടു പത്തിന്റെ നോട്ട് ആവശ്യപ്പെട്ടു. അതു നൽകി. ബില്ലിൽ അച്ഛന്റെ പേര് ബാലചന്ദ്രൻ എന്ന് അടിച്ചാൽ മതിയെന്നും പറഞ്ഞു. ഇതിനിടെ ഫോൺ പിടിച്ച് പുറത്തുപോയി. തിരിച്ചുവന്ന് 500 രൂപ ചില്ലറയായി വേണം. കട തുറന്ന് ആദ്യത്തെ കച്ചവടമല്ലേ കസ്റ്റമർ പറ്റിക്കില്ല എന്നു ജീവനക്കാരിയും വിശ്വസിച്ചു. 100 ന്റെ അഞ്ചു നോട്ടുകളും എടുത്തുകൊടുത്തു. കീടനാശിനികളുടെ 650 രൂപയും കൂട്ടി 1150 രൂപ വണ്ടിയിൽനിന്നും എടുത്തുതരാമെന്നുപറഞ്ഞ് കീടനാശിനികളുമായി പോയി. പിന്നെ ആളെ കണ്ടില്ല. വാഹനം നിർത്താൻ ഇടമില്ലാത്ത സ്ഥലത്താണ് കട. ഇതിനാൽ പല കർഷകരും ഇത്തരത്തിൽ പറയാറുണ്ടെന്നു ജീവനക്കാരി പറഞ്ഞു. ഈ യുവാവ് വടക്കഞ്ചേരി ടൗണിലെ മറ്റു പല കടകളിൽനിന്നും ഇത്തരം തട്ടിപ്പുകൾ നേരത്തേ നടത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. ഒരുതവണ പിടികൂടിയിട്ടുണ്ടെന്നും പറയുന്നു. ഇയാൾ തൃശൂർ സ്വദേശിയാണത്രെ.
ഇടവേളകൾക്കുശേഷമേ തട്ടിപ്പുവീരൻ ഓരോ ചെറുപട്ടണങ്ങളിലെത്തി ഇത്തരത്തിൽ ചെറിയ തുക പറ്റിക്കുകയുള്ളൂ. ചെറിയ തുകയ്ക്കുവേണ്ടി അധികമാരും പരാതിയുമായി പോകാറുമില്ല. ഇതു മറയാക്കിയാണ് യുവാവ് തട്ടിപ്പ് തുടരുന്നത്. എന്നാൽ ജീവനക്കാരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പുതുശേരി തങ്കച്ചന്റേതാണ് കട.