വെള്ളംമുങ്ങി അപകടഭീഷണിയായി വടക്കഞ്ചേരി വെപ്പിൽ പ്രദേശത്തെ വീടുകൾ
1442594
Wednesday, August 7, 2024 1:24 AM IST
വടക്കഞ്ചേരി: ടൗൺ വികസനത്തിന്റെ എല്ലാ ദുരിതങ്ങളും പേറുന്നവരാണ് വടക്കഞ്ചേരി ബസ് സ്റ്റാൻഡിനു മുന്നിലെ വെപ്പിൽ എന്ന സ്ഥലത്തെ വീട്ടുകാർ. വികസനത്തിന്റെ പേരിൽ സമീപത്തെ പാടങ്ങളെല്ലാം നികത്തി കെട്ടിടങ്ങൾ ഉയർന്നപ്പോൾ മഴപെയ്താൽ ടൗണിലെ വെള്ളം മുഴുവൻ പാഞ്ഞെത്തുന്നത് താഴ്ന്ന പ്രദേശമായ ഈ ഭാഗത്തേക്കാണ്. ഇക്കഴിഞ്ഞ 29, 30 ദിവസങ്ങളിലുണ്ടായ പേമാരിയിൽ വെള്ളം കുതിച്ചെത്തി ഇവിടുത്തെ വീടുകൾ എല്ലാം മുങ്ങി.
ചുമരുകൾ കുതിർന്ന് നിൽക്കുന്ന വീടുകളെല്ലാം അപകട ഭീഷണിയിലുമാണ്. ഇതിലെ പല വീടുകളും ഇതിനകം തകർന്നുവീണു. പാതി തകർന്ന വീടുകളിലാണ് പലരും ഇപ്പോൾ കഴിയുന്നത്. ഇത് അപകടങ്ങൾക്ക് കാരണമായേക്കാമെന്ന ഭീതിയുമുണ്ട്. ടൗൺ മെയിൻ റോഡിലെ ഇടുങ്ങിയ ഡ്രെയ്നേജും ദേശീയപാതക്കടിയിലൂടെയുള്ള ഓവുകളുടെ തകരാറുമാണ് ഇവിടെ വെള്ളം പൊങ്ങി വീടുകൾ മുങ്ങുന്ന സ്ഥിതിയുണ്ടാക്കുന്നതെന്ന് താമസക്കാരനായ രഞ്ജിത്ത് പറഞ്ഞു.
മഴവെള്ളവും മറ്റും കെട്ടിനിൽക്കുന്ന മലിന ജലവും അപ്പപ്പോൾ ഒഴുകിപ്പോകാൻ വിധത്തിൽ ഡ്രെയിനേജ് സംവിധാനം നവീകരിക്കണമെന്നാണ് ആവശ്യം. കൊടുങ്ങല്ലൂർ ഭരണിക്കും ഗുരുവായൂരിലേക്കു മുള്ള തീർഥാടകർ ഇവിടെ യാത്രയുടെ ഇടതാവളമായാണ് കണ്ടിരുന്നത്. ഇവിടെ വിശ്രമിച്ച് ഭക്ഷണം വച്ചു കഴിച്ചാണ് പോയിരുന്നതെന്നാണ് പ്രദേശത്തിന്റെ ചരിത്രം.അങ്ങനെയാണ് പ്രദേശത്തിന്റെ പേരും വെപ്പിൽ എന്നായത്.