തകർന്ന ഒാടംതോട് പടങ്ങിട്ടത്തോട് ഗതാഗതയോഗ്യമാക്കണം
1442340
Tuesday, August 6, 2024 12:18 AM IST
മംഗലംഡാം: മലവെള്ളപാച്ചിലിൽ ഒലിച്ചുപോയ ഓടംതോടിനടുത്തെ പടങ്ങിട്ടതോട് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ടാറിംഗ് കാണാത്ത വിധം റോഡിൽ വലിയ ഗർത്തങ്ങളും കിടങ്ങുകളുമാണ്. നൂറ് മീറ്ററോളം ദൂരം റോഡ് പൂർണമായും ഒലിച്ചുപോയിരുന്നു. മേഘവിസ്ഫോടനത്തെ തുടർന്നായിരുന്നു മലവെള്ളപാച്ചിലുണ്ടായതെന്നാണ് സമീപത്തെ വീട്ടുകാർ പറയുന്നത്. ഉരുൾപൊട്ടിയതായി എവിടേയും കണ്ടിട്ടില്ല.
വെള്ളത്തിനൊപ്പം റോഡിൽ കല്ലുകളും നിറഞ്ഞിട്ടുണ്ട്. ഇരുചക്രവാഹനം പോലും റോഡിലൂടെ കൊണ്ടുപോകാനാകാത്ത സ്ഥിതിയാണിപ്പോൾ. പ്രദേശത്തെ വീട്ടുകാരും തോട്ടങ്ങളിലേക്ക് പോകേണ്ടവരുമെല്ലാം വഴിയില്ലാതെ വലിയ ദുരിതത്തിലാണ്. വർഷങ്ങൾക്കുമുമ്പും ഇവിടെ മലവെള്ള പാച്ചിലുണ്ടായി റോഡ് തകർന്നിരുന്നു.
സമീപത്തെ പച്ചക്കാട്ടിൽ നിന്നാണ് മലവെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായതെന്ന് പറയുന്നു. പ്രളയ വർഷങ്ങളിൽ പോലും ഉണ്ടാകാത്ത വിധം കഴിഞ്ഞ 29ന് വെള്ളം പൊങ്ങിഒഴുകിയെന്ന് ഓടംതോട് പാലത്തിനടുത്തെ താമസക്കാരനായ പുളിക്കൽ അപ്പച്ചൻ പറഞ്ഞു.