ശ്രീ കുറുമ്പ ട്രസ്റ്റ് മൂലങ്കോട് ദേവി ഹോം പദ്ധതി ആരംഭിക്കുന്നു
1435231
Friday, July 12, 2024 12:28 AM IST
വടക്കഞ്ചേരി: അനാഥരായ 72 പെൺകുട്ടികളെയും നിർധനരും വൃദ്ധരുമായ 72 സ്ത്രീകളേയും താമസിപ്പിക്കുന്നതിനുള്ളദേവിഹോം പദ്ധതി മൂലങ്കോട് ആരംഭിക്കുമെന്ന് ശ്രീകുറുമ്പ എഡ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പന്നിയങ്കരയിൽ പ്രവർത്തിക്കുന്ന ശോഭ ഹെർമിറ്റേജിനേക്കാൾ വിപുലമായ രീതിയിലാകും മൂലങ്കോട്ടെ ദേവി ഹോം പദ്ധതി.
ഇവിടെ താമസിക്കുന്ന കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങളും ഒരുക്കും. ബംഗളൂരുവിൽ റസിഡൻഷ്യൽ സ്കൂളും ആരംഭിക്കുന്നുണ്ട്. ഉത്തർപ്രദേശിൽ അയ്യായിരം പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കാൻ സൗകര്യമുള്ള യൂണിവേഴ്സിറ്റി ആരംഭിക്കുന്നതും സജീവ പരിഗണനയിലാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ഗൃഹശോഭ എന്ന പേരിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കിഴക്കഞ്ചേരി പഞ്ചായത്തിലും തൃശൂരിലുമായി ആയിരം വീടുകളുടെ നിർമാണവും നടന്നുവരികയാണ്. 110 വീടുകളുടെ നിർമാണം ഇതിനകം പൂർത്തിയായി താക്കോൽ കൈമാറി. 230 വീടുകളുടെ നിർമാണം നടന്നുവരികയാണ്.
2030 നുള്ളിൽ ആയിരം വീട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം. ആയിരം വീടുകളിൽ നൂറു വീട് തൃശൂർ ജില്ലയിലാകുമെന്നും ട്രസ്റ്റ് അധികൃതർ പറഞ്ഞു. 700 സ്ക്വയർ ഫീറ്റിൽ 18 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമിക്കുന്നത്. സമൂഹത്തിൽ അവഗണിക്കപ്പെടുന്ന വൃദ്ധർക്കായുള്ള പന്നിയങ്കരയിലെ ശോഭ ഹെർമിറ്റേജ്, സൗജന്യ ചികിത്സാ പദ്ധതിയായ ശോഭ ഹെൽത്ത് കെയർ, 1:16 എന്ന അധ്യാപക വിദ്യാർഥി അനുപാതത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും ഉറപ്പാക്കിയുള്ള ശോഭ അക്കാദമി, പ്രൊഫഷണൽ കോളജ് പ്രവേശനം സാധ്യമാക്കുന്ന ശോഭ ഐക്കൺ, വിധവകളായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും ഉന്നമനത്തിനായുള്ള റൂറൽ എംപവർമെന്റിംഗ ് സ്കീം, ശോഭ യംഗ് മദർ റീഹാബിലിറ്റേഷൻ പ്രോഗ്രാം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.