പട്ടാമ്പി പടിഞ്ഞാറെ കമാനം റോഡ് തുറക്കണമെന്ന് ആവശ്യം
1435225
Friday, July 12, 2024 12:27 AM IST
ഷൊർണൂർ: പട്ടാമ്പിയിലെ പടിഞ്ഞാറെ കമാനം തുറന്ന് നൽകണമെന്ന് ആവശ്യം. റോഡുതകർച്ചയും ഗതാഗതകുരുക്കും കാരണം വീർപ്പുമുട്ടുന്ന പട്ടാമ്പിയിൽ ചെറുവാഹനങ്ങൾ കടന്നുപോയിരുന്നത് പടിഞ്ഞാറേ കമാനം റോഡ് വഴിയായിരുന്നു. പട്ടാമ്പി-പള്ളിപ്പുറം റോഡിൽ റെയിൽവേ കമാനത്തിനടിയിലൂടെ ചെറിയ കാറുകളും ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും സുഗമമായി കടന്നുപോയിരുന്നു.
എന്നാൽ ആ മാർഗം ഇപ്പോൾ അടഞ്ഞ സ്ഥിതിയാണ്. നഗരസഭാ മുൻ ഭരണസമിതിയുടെ കാലത്ത് കമാനത്തിനടിയിലൂടെയുള്ള റോഡ് കോൺക്രീറ്റിടാൻ ശ്രമിച്ചിരുന്നു. എന്നാൽ, റെയിൽവേ അധികൃതർ സ്ഥലത്തെത്തി പണി തടയുകയും പകുതിഭാഗം പൊളിച്ചുനീക്കുകയും ചെയ്തു. ഇപ്പോൾ ഇരുവശത്തും കോൺക്രീറ്റ് അവശിഷ്ടങ്ങൾ നിൽക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾക്കു പോലും കടന്നുപോകാനാകില്ല.
നഗരത്തിൽ വലിയ കുരുക്കുണ്ടാകുമ്പോൾ ചെറുവാഹനങ്ങൾക്ക് വഴിതിരിഞ്ഞു പോകാനുള്ള പാതയാണ് ഇതോടെ അടഞ്ഞത്. നഗരത്തിലെ കുരുക്കും വാഹനപെരുപ്പവും കണക്കിലെടുത്ത് റെയിൽവേ ഇതുവഴിയുള്ള ഗതാഗതത്തിന് പച്ചക്കൊടി കാണിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പട്ടാമ്പിനഗരം കുരുങ്ങുമ്പോൾ ബൈപ്പാസ് റോഡില്ലാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. പെരിന്തൽമണ്ണ റോഡിൽനിന്നു പെരുമുടിയൂർ ഭാഗത്തേക്ക് വിഭാവനംചെയ്ത ബൈപ്പാസ് റോഡ് ഇപ്പോഴും പൂർത്തിയായിട്ടില്ല. കുറച്ചുഭാഗം കട്ടവിരിച്ചിട്ടുണ്ടെങ്കിലും ഇനിയും പ്രവൃത്തികൾ നടക്കാനുണ്ട്.
റെയിൽവേ ലൈനിനും പുഴയ്ക്കും ഇടയിൽപെട്ടുകിടക്കുന്ന പട്ടാമ്പി ടൗണിൽ ബൈപ്പാസ് റോഡ് വന്നാൽ ഏറെ ആശ്വാസമാകും. കോൺക്രീറ്റ് അവശിഷ്ടങ്ങൾ പൂർണമായും പൊളിച്ചുനീക്കി പാത ഗതാഗതയോഗ്യമാക്കണമെന്നാണ് പട്ടാമ്പിക്കാരുടെ ആവശ്യം.