നെല്ലിയാമ്പതി റോഡിൽ മരം വീണു, ഗതാഗത തടസം
1431399
Tuesday, June 25, 2024 12:14 AM IST
നെന്മാറ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻമരം കടപുഴകി വീണു. നെന്മാറ-നെല്ലിയാമ്പതി റോഡിൽ നാലു മണിക്കൂർ ഗതാഗതം തടസപ്പെട്ടു. നെല്ലിയാമ്പതി മരപ്പാലത്തിനു സമീപമാണ് റോഡിലേക്കു വൻ മരം കടപുഴകി വീണത്.
വനം ജീവനക്കാരും കൊല്ലങ്കോട്ടുനിന്ന് അഗ്നിരക്ഷാ സേനയും എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. മരം റോഡിൽ വീണതിനെ തുടർന്ന് രാവിലെ നെല്ലിയാമ്പതിയിലേക്കും തിരിച്ചുമുള്ള സർവീസ് ബസ് ഉൾപ്പെടെയുള്ള വാഹനഗതാഗതം തടസപ്പെട്ടു.
രാത്രിയുണ്ടായ കാറ്റിലും മഴയിലുമാണ് മരം വീണതെന്നു സംശയിക്കുന്നതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.
മരം മുറിച്ചു മാറ്റുന്നതുവരെ ഇരുവശത്തും കുടുങ്ങിക്കിടന്ന വാഹനങ്ങളിൽ നിന്ന് യാത്രക്കാർ ഇറങ്ങിക്കയറി ചെറു വാഹനങ്ങളിൽ യാത്ര തുടർന്നു.