തെരുവുനായ്ക്കളുടെ പടപ്പുറപ്പാട്
1431396
Tuesday, June 25, 2024 12:14 AM IST
വടക്കഞ്ചേരി: തെരുവുനായ്ക്കളുടെ മഹാപടയാണ് വടക്കഞ്ചേരി ടൗണിൽ. മെയിൻ റോഡിലും ബസ് സ്റ്റാൻഡിലും ഗ്രാമം റോഡിലുമെല്ലാം പത്തും പതിനഞ്ചും എണ്ണംവരുന്ന തെരുവു നായ്ക്കളുടെ കൂട്ടങ്ങളാണ്.
പൊതുവെ ഇവ ശാന്ത സ്വഭാവക്കാരാണെങ്കിലും എപ്പോഴാണ് അക്രമാസക്തരാവുക എന്നു പറയാനാകില്ല. ഓരോ സ്ഥലം കേന്ദ്രീകരിച്ചും ഓരോ കൂട്ടങ്ങളുണ്ട്.
ഇവിടേക്ക് മറ്റു ഭാഗത്തുനിന്നുള്ളവ കൂടി എത്തിപ്പെട്ടാൽ പിന്നെ കടിപിടിയും ബഹളവുമാകും. ഇതിനിടയിൽപ്പെട്ടാൽ എത്ര ധൈര്യശാലിയും പേടിക്കും.
സ്കൂൾ കുട്ടികൾ പലപ്പോഴും പേടിച്ച് യാത്ര ചെയ്യാനാകാതെ ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ട്.
വന്ധ്യംകരണം ശസ്ത്രക്രിയയ്ക്കു വിധേയരായവരും തെരവുനായക്കൂട്ടത്തിലുണ്ടെങ്കിലും അക്രമാസമാകുന്നതിനു ഇവയ്ക്ക് അതൊന്നും തടസമല്ല.
കോഴി, ബീഫ് , പോർക്ക് തുടങ്ങിയ മാംസ വില്പന നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവയെല്ലാം കൂട്ടമായി വിലസുന്നത്. തെരുനായ്ക്കളുടെ എണ്ണം ലഘൂകരിച്ച് ആളുകൾക്കു സ്വൈര്യമായി ടൗണിൽ സഞ്ചരിക്കാനുള്ള സൗകര്യമുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
ഏതെങ്കിലും ഒന്നിന് പേവിഷബാധയേറ്റാൽ കൂട്ടത്തോടെ പടരും. അത് വളർത്തു മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ അപകടകരമാകുമെന്നും പ്രദേശത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.