കടന്പഴിപ്പുറത്ത് ഫാൻസി സ്റ്റോറിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
1430288
Thursday, June 20, 2024 12:23 AM IST
ശ്രീകൃഷ്ണപുരം: കടന്പഴിപ്പുറത്ത് ഫാൻസി സ്റ്റോറിന് തീപിടിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം. കടന്പഴിപ്പുറം ജുമാമസ്ജിദിന് സമീപമുള്ള ഓട്ടുപാറ വീട്ടിൽ വീരാൻകുട്ടിയുടെ ഹയ സ്റ്റോറിനാണ് തീപിടിച്ചത്. ഇന്നലെ വൈകുന്നേരം 3.30 ഓടുകൂടിയാണ് തീപിടുത്തം ഉണ്ടായത്.
താഴത്തെ നിലയിലെ രണ്ട് റൂമുകളായുള്ള കട പൂർണമായും കത്തി നശിച്ചു. മുകൾ നിലയിലുള്ള സെലക്ഷൻ ലേഡീസ് ടെയ് ലറിംഗ് കടയും കത്തിനശിച്ചു.
രണ്ടിനും കൂടെ ഏകദേശം 9 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമസ്ഥർ പറഞ്ഞു. ടൈലറിംഗ് കടയിൽ മെഷീൻ, തുണികൾ എന്നിവ കത്തി നശിച്ചതായി ഉടമ വിജയരാഘവൻ പറഞ്ഞു. ഷോർട്ട് സർക്യൂട്ട്് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
മണ്ണാർക്കാട് നിന്നും കോങ്ങാട് നിന്നും ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്ന് തീയണച്ചു. കോങ്ങാട് ഫയർ സ്റ്റേഷൻ ഓഫീസർ എൻ.കെ. ഷാജി, ഓഫീസർമാരായ വിഘ്നേഷ്, വിഷ്ണു, മണ്ണാർക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ സജിത് മോൻ, സുരേഷ് കുമാർ, ഗ്ലോബിൻ ദാസ്, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
ശ്രീകൃഷ്ണപുരം പോലീസ് സ്ഥലത്തെത്തി.