മായന്നൂർപാലം സുരക്ഷാ ഭിത്തിക്ക് തകർച്ചാഭീഷണി
1429859
Monday, June 17, 2024 1:40 AM IST
ഒറ്റപ്പാലം: മായന്നൂർ പാലത്തിനു താഴെ ഭാരതപ്പുഴയിൽ നിർമിച്ച സംരക്ഷണഭിത്തിക്ക് തകർച്ചാഭീഷണി. ഇത് ഭാഗികമായി തകർന്ന നിലയിലാണ്. ദിവസങ്ങൾക്കുമുമ്പ് പെയ്ത ശക്തമായ മഴയിലാണ് കോൺക്രീറ്റ് സംരക്ഷണഭിത്തി തകർന്നത്.
സമീപത്തെ നടവഴി മഴയിൽ തകർന്നതിനു പിന്നാലെ കുത്തിയൊലിച്ചെത്തിയ വെള്ളത്തിന്റെ ശക്തിയിലാണ് ഭിത്തി തകർന്നിട്ടുള്ളത്.
നേരത്തേ ഒരുഭാഗം തകർന്നിരുന്നു. ഇതാണിപ്പോൾ കൂടുതലായിരിക്കുന്നത്. മഴ ശക്തമാകുംമുമ്പ് കോൺക്രീറ്റ് ഭിത്തി പൊളിച്ചുമാറ്റണമെന്ന ആവശ്യം ഉയരുന്നുണ്ട്.
തകർന്ന ഭാഗങ്ങൾ ഏതുസമയവും പുഴയിലേക്ക് കൂപ്പുകുത്തുമെന്ന സ്ഥിതിയാണ്. തകർന്നുകിടക്കുന്ന സംരക്ഷണ ഭിത്തിയിലൂടെ കയറിയും ആളുകൾ ഈ ഭാഗത്ത് വന്നിരിക്കാറുണ്ട്. ഇത് അപകടഭീഷണി ഉയർത്തുന്നുണ്ട്.
മായന്നൂർപാലം നിർമിച്ചതിനൊപ്പമാണ് പുഴയിൽ ഏകദേശം 500 മീറ്ററിലധികം ദൂരത്തിൽ പാലത്തിന്റെ ഇരുഭാഗങ്ങളിലായി സംരക്ഷണഭിത്തിയും നിർമിച്ചിരുന്നത്. ഇതിൽ പടിഞ്ഞാറുഭാഗത്തെ ഭിത്തിയാണ് തകർന്നുകിടക്കുന്നത്.
പുഴയ്ക്ക് സമീപത്തെ ഈ ഭാഗമടക്കമാണ് ജൈവവൈവിധ്യ സംരക്ഷണ മാസ്റ്റർപ്ലാൻ പ്രകാരം ജൈവവേലി സ്ഥാപിക്കാൻവേണ്ടി കണ്ടെത്തിയിരുന്നത്. ഭാരതപ്പുഴയോരത്ത് വൃക്ഷത്തൈകൾ ഉൾപ്പെടുന്ന ജൈവവേലി പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്.
ഇതുവഴി പുഴയെയും തീരത്തെയും സംരക്ഷിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാൽ, രണ്ട് വർഷത്തിലേറെയായിട്ടും പദ്ധതി ഒന്നുമായിട്ടില്ല.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു .