അധികാരികൾ ഇതൊന്നു കാണണം.. വാഹന പാർക്കിംഗ് മൂലം ദേവാലയത്തിലേക്ക് പ്രവേശിക്കാനാകാതെ വിശ്വാസികൾ
1429592
Sunday, June 16, 2024 3:51 AM IST
വടക്കഞ്ചേരി: പഞ്ചായത്ത് അധികാരികൾ ഇതൊക്കെ ഒന്ന് കാണണം. വടക്കഞ്ചേരി ടൗണിൽ മെയിൻ റോഡിൽ ലൂർദ്മാതാ ഫൊറോന പള്ളിക്ക് മുന്നിൽ പാർക്ക് ചെയ്തിട്ടുള്ള ബൈക്കുകളാണ് ഇതെല്ലാം. പള്ളിയിലേക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത വിധം ഗേറ്റുകൾക്ക് മുന്നിലും ബൈക്കുകൾ നിരയായി നിൽക്കുന്നു. പള്ളിയിലേക്ക് കടക്കണമെങ്കിൽ പലപ്പോഴും ബൈക്കുകൾക്കു മുകളിലൂടെ ചാടി കടക്കേണ്ടി വരുന്ന സ്ഥിതി.
ഗേറ്റിലൂടെ ഒരു നാലുചക്ര വാഹനം കടത്തണമെങ്കിൽ നിരവധി ബൈക്കുകൾ മാറ്റിവെച്ചു കടക്കേണ്ട ദുരവസ്ഥയും ചില സമയങ്ങളിൽ ഉണ്ടാകും. ബൈക്ക് ഉടമകളേയും ഇതിന് കുറ്റപ്പെടുത്താനാകില്ല. വടക്കഞ്ചേരി ടൗണിൽ എവിടേയും പാർക്കിംഗ് സ്ഥലങ്ങളില്ല. ഉള്ള സ്ഥലങ്ങളെല്ലാം ഓട്ടോറിക്ഷകൾ വരിയായി ഇടും. അധികൃതവും അനധികൃതവുമായ ഓട്ടോ സ്റ്റാൻഡുകളാണ് ടൗണിലെ റോഡുകളിലെല്ലാം.
അത്യാവശ്യത്തിന് ഇരുചക്ര വാഹനത്തിൽ വന്നാൽ പോലും അത് നിർത്താൻ ഇടമില്ല. സ്ഥലങ്ങൾ മുഴുവൻ ഓട്ടോറിക്ഷകൾ കൈയടക്കുന്നു. റോഡ് വശങ്ങളിൽ മറ്റു വാഹനങ്ങളുടെ അനധികൃത പാർക്കിംഗുമാകുമ്പോൾ പിന്നെ ടൗൺ വീർപ്പുമുട്ടും. മലയോര പഞ്ചായത്തുകൾ ഉൾപ്പെടെ അഞ്ച് പഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ് വടക്കഞ്ചേരി. ഇതിനാൽ ഏതുസമയവും തിരക്കുണ്ടാകും.
ഇതിനനുസരിച്ച് ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളൊന്നും പഞ്ചായത്തിലില്ല. പഞ്ചായത്ത് അധികൃതർ ജനങ്ങളുടെ ഈ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നാണ് ആവശ്യം.