വാണിയംകുളം കന്നുകാലിച്ചന്തയിൽ ഇത്തവണ ഉയർന്ന വിറ്റുവരവ്
1429346
Saturday, June 15, 2024 12:20 AM IST
ഷൊർണൂർ: വാണിയംകുളം ചന്തയിൽ ഇത്തവണയും ഉയർന്ന വിറ്റുവരവ്. ബക്രീദ് പ്രമാണിച്ചാണ് ചന്തയിൽ ഇത്തവണയും കന്നുകാലി വിറ്റുവരവിൽ ഉയർന്ന നേട്ടം കൈവരിക്കാനായത്.
സംസ്ഥാനത്തെ ഏറ്റവും വലിയ കന്നുകാലിച്ചന്തകളിലൊന്നാണ് വാണിയംകുളത്തേത്. ഈ പെരുമ ഒട്ടും കുറയാതെയായിരുന്നു ബലിപ്പെരുന്നാൾ കച്ചവടവും.
90 ലോഡ് കന്നുകാലികളാണ് വിൽപ്പനക്കായി എത്തിയത്. 25 കോടിരൂപയുടെ കച്ചവടമാണ് നടന്നതെന്നു ചന്ത നടത്തിപ്പുകാർ പറയുന്നു. തിങ്കളാഴ്ചയാണ് ബലിപ്പെരുന്നാൾ.
വ്യാഴാഴ്ച പുലർച്ചെമുതൽ ചന്തയിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
കന്നുകാലിക്കച്ചവടം നടക്കുന്ന സ്ഥിരം സ്ഥലത്തിനുപുറമെ സമീപത്തെ മൈതാനത്തും കന്നുകാലികൾ നിറഞ്ഞ സ്ഥിതിയായിരുന്നു. ഇത്തവണ കൂടുതലായും എത്തിയത് പോത്തുകളാണ്. വൈകുന്നേരം മൂന്നുമണിവരെ കച്ചവടം നടന്നു. ഏറെക്കാലത്തിനുശേഷമാണ് ചന്തയിൽ ഇത്രയുംകൂടുതൽ തിരക്കുണ്ടായത്.
കണ്ണൂർ, തിരുവനന്തപുരം, കാസർകോട് എന്നിവിടങ്ങളിലേക്കുവരെ ഇത്തവണ കന്നുകാലികളെ കൊണ്ടുപോയതായി കച്ചവടക്കാർ പറഞ്ഞു. ഇത്തവണ കന്നുകാലികളുടെ എണ്ണത്തിലും വർധനയുണ്ട്.
ആന്ധ്ര, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നായി 60 ലോഡ് കന്നുകാലികളാണെത്തിയത്.
ഇതിനുപുറമെ നാടൻ കന്നുകളും ചന്തയിൽ കൂടുതലെത്തിയിരുന്നു. സാധാരണയായി ചന്തയിൽ അഞ്ചുകോടി രൂപയുടെവരെ കച്ചവടമാണ് ഉണ്ടാവാറുള്ളത്.
കഴിഞ്ഞ ബലിപെരുന്നാളിന് 17 കോടി രൂപയോളമാണ് കച്ചവടം നടന്നത്. ഇത്തവണ വില വർധനയുണ്ടെങ്കിലും കച്ചവടത്തിന് കുറവുണ്ടായില്ല. എങ്കിലും എത്തിയ കന്നുകാലികളെമുഴുവൻ വിൽക്കാനായില്ല.
മലബാർ മേഖലയിൽനിന്നാണ് കൂടുതൽ കച്ചവടക്കാർ എത്തിയത്. ചന്തയിൽ ഇത്തവണ കൂറ്റൻ കന്നുകാലികളും എത്തിയിരുന്നു.
ഹൈദരാബാദിൽനിന്ന് 800 കിലോയിലധികമുള്ള കൂറ്റൻ പോത്തുകളെയും 600 കിലോയിലധികം തൂക്കംവരുന്ന കാളകളെയും ചന്തയിലെത്തിച്ചിരുന്നു. പലരും മോഹവില നൽകിയാണ് ഇവയെ സ്വന്തമാക്കിയത്. രണ്ടുലക്ഷംമുതൽ നാലുലക്ഷം രൂപവരെ വിലയുള്ളതായിരുന്നു ഇവ. ‘മുറ’ ഇനം പോത്തുകളാണ് കൂടുതൽ. പോത്തിന് വില കൂടിയെങ്കിലും പെരുന്നാൾച്ചന്തയിൽ വലിയ കന്നുകാലികൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. ഇതോടെയാണ് വില്പനവില ഉയർന്നതെന്നു കച്ചവടക്കാർ പറയുന്നു.