കോരയാർ പാലത്തിൽ മാലിന്യം തള്ളുന്നു, ദുരിതയാത്രയിൽ പ്രദേശവാസികൾ
1429133
Friday, June 14, 2024 1:26 AM IST
കൊഴിഞ്ഞാമ്പാറ: കോരായർ പുഴപ്പാലത്തിന്റെ ഇരുവശങ്ങളിലും മാലിന്യം തള്ളിയിരിക്കുന്നത് ഇതുവഴി സഞ്ചാരം ദുർഘടമായിരിക്കുകയാണ്.
കൊഴിഞ്ഞാമ്പാറ ടൗൺ വ്യാപാരികൾ ചാക്കിൽകെട്ടി ഇരുചക്ര വാഹനങ്ങളിൽ രാത്രിസമയത്ത് കൊണ്ടു വന്ന് തള്ളുന്നതായും സമീപവാസികൾ പരാതിപ്പെടുന്നുണ്ട്.
കോഴിയിറച്ചി മാലിന്യം തള്ളുന്നതിനാൽ പാലത്തിൻ തെരുവുനായശല്യം കുടി വരികയാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന പന്നികൾ പകൽസമയത്ത് പാലത്തിൽ കാണപ്പെടുന്നതിൽ യാത്രക്കാർ സഞ്ചാര ഭീതിയിലാണ്.
സ്ഥലത്ത് മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണെന്ന് ബന്ധപ്പെട്ട പഞ്ചായത്തധികൃതർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഫലപ്രഥമാവുന്നില്ല.
പാലത്തിൽ സോളാർ ലാമ്പും നിരീക്ഷണ ക്യാമറയും സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടി പിഴയടപ്പിക്കണമെന്നതും ജനകീയാവശ്യമായിരിക്കുകയാണ്. പുഴയിൽ വെള്ളമെത്തിയാൽ മാലിന്യം വയലുകളിലും കുടിവെള്ള സംഭരണ തടയണകളിലുമാണ് എത്തിച്ചേരുന്നത്. കൊഴിഞ്ഞാമ്പാറ- പഴണിയാർ പാളയം പ്രധാനപാതയിലാണ് കോരിയാർ പുഴയുള്ളത്. തെരുവുനായ ശല്യംകാരണം വിദ്യാർഥികൾ സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കും വരുന്നത് തെരുവുനായ ഭീഷണിയിലാണ്. മഴ ചാറിയാൽ മാലിന്യദുർഗന്ധം കാരണം വാഹനയാത്രികരും മൂക്ക് പൊത്തിയാണ് സഞ്ചാരം.