മരം കടപുഴകി വീണതു സ്കൂൾ വാഹനത്തിനു മുകളിലേക്ക്
1428949
Thursday, June 13, 2024 1:14 AM IST
വടക്കഞ്ചേരി: പാളയം- കരിപ്പാലി റോഡിൽ സെന്റ് ഫ്രാൻസിസ് സ്കൂളിനു സമീപം പാതയോരത്തെ മരം കടപുഴകി സ്കൂൾ വാഹനത്തിനു മുകളിൽ തട്ടി വീണു. ദുരന്തം ഒഴിവായത് തലനാരിഴക്ക്.
അപകടം മുന്നിൽകണ്ട് ഡ്രൈവർ സിജോ ഉടൻ ട്രാവലർ പുറകോട്ടെടുത്ത് കുട്ടികളെ സുരക്ഷിതമാക്കി.അപ്പോഴേക്കും മരം കടപുഴകി വൈദ്യുതി കമ്പികളിൽവീണ് തങ്ങിനിന്നു. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ഈ സമയം ശക്തമായ കാറ്റും മഴയും പ്രദേശത്തുണ്ടായിരുന്നു. മംഗലംഡാമിൽ നിന്നുള്ള കുട്ടികളുമായാണ് ട്രാവലർ സെന്റ് ഫ്രാൻസിസ് സ്കൂളിലേക്ക് പോയിരുന്നത്.
വാഹനം സ്കൂൾ ഗെയ്റ്റിലേക്ക് തിരിക്കുന്നതിനിടെയായിരുന്നു മരം ചെരിഞ്ഞ് വന്ന് വൈദ്യുതി കമ്പികളിൽ വീണത്. മരം വീണയുടൻ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാൽ അപകടവും ഒഴിവായി.
പിന്നീട് വടക്കഞ്ചേരിയിൽ നിന്നുള്ള ഫയർഫോഴ്സും കെഎസ്ഇബി ജീവനക്കാരും മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും സ്കൂൾ ജീവനക്കാരും ചേർന്നാണ് റോഡിനു കുറുകെ വീണ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇതിനിടെ വൈദ്യുതി കമ്പികളിൽ തങ്ങിനിൽക്കുന്ന മരം ആര് മുറിച്ചു മാറ്റണം എന്നതിൽ ചെറിയ തർക്കങ്ങളുമുണ്ടായി.
ഇന്നലെ മരം കടപുഴകി വീണതിനടുത്തുതന്നെ ഇത്തരത്തിൽ രണ്ടു വലിയ മരങ്ങൾ കൂടി റോഡിലേക്ക് ചെരിഞ്ഞ് നിൽക്കുന്നുണ്ട്. ഈ മരങ്ങൾ മുറിച്ചു നീക്കി ദുരന്തം സംഭവിക്കാതിരിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കളും ഡ്രൈവർമാരും ആവശ്യപ്പെട്ടു.