ജീവിതത്തെ പുതുക്കാൻ സാഹിത്യത്തിനു കഴിയും: കവി റഫീഖ് അഹമ്മദ്
1425074
Sunday, May 26, 2024 7:38 AM IST
ഷൊർണൂർ: സ്വന്തം ജീവിതത്തേയും സഹൃദയ വായനക്കാരന്റെ ജീവിതത്തേയും പുതുക്കിയെടുക്കാൻ യഥാർഥ സാഹിത്യ കൃതികൾക്ക് കഴിയുമെന്ന് കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു.
ആനക്കര ഡയറ്റ് മുൻ അധ്യാപിക ശോഭ ജ്വാലയുടെ പുസ്തകം പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാനവികതയുടെ പ്രകടന പത്രികകളാണ് ശോഭയുടെ കഥകൾ എന്ന് അദ്ദേഹം പറഞ്ഞു. ആനക്കര ഹിൽ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുട്ടിമാളു അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.എം. അസീസ് അധ്യക്ഷനായി.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗം അജിത്രി പുസ്തകം ഏറ്റുവാങ്ങി. നിരൂപകനായ എം.വി. രാജൻ പുസ്തകത്തെകുറിച്ച് സംസാരിച്ചു.
ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് മുഖ്യാതിഥിയായി. എം.പി. സതീഷ്, പി.എൻ. മോഹനൻ, അടാട്ട് വാസുദേവൻ, കെ.പി. മുഹമ്മദ്, പി.വി. സേതുമാധവൻ, സലീം കൂടല്ലൂർ, എം. രാമചന്ദ്രൻ, യു.കെ. മുഹമ്മദ് റാഫി, എ. ജയദേവൻ, ലക്ഷ്മി നാരായണൻ, അനൂപ് അച്യുതൻ എന്നിവർ പ്രസംഗിച്ചു. തുഷാര, മേഘ എന്നിവർ നയിച്ച പാട്ടരങ്ങും നടന്നു.