ദേശീയപാത വികസനം; പ്രധാന കനാൽ പൊളിച്ച് പത്തു വർഷമായിട്ടും പുനർനിർമിച്ചില്ല
1424118
Wednesday, May 22, 2024 1:48 AM IST
വടക്കഞ്ചേരി: മെയിൻ കനാൽ പൊളിച്ചിട്ട് പത്തു വർഷമായിട്ടും കനാൽ പുനർ നിർമിച്ചില്ലെന്നു കാണിച്ച് ദേശീയപാത നിർമാണ കമ്പനിക്കെതിരേ ഇറിഗേഷൻ വകുപ്പ് കനാൽ വിഭാഗവും കർഷകരും മുഖ്യമന്ത്രിക്കു പരാതി നൽകി.
മംഗലംഡാമിൽ നിന്നുള്ള ഇടതു മെയിൻ കനാൽ ദേശീയപാത വികസനത്തിനായി ഹോട്ടൽ ഡയാനക്കു സമീപം പൊളിച്ചതു സംബന്ധിച്ചാണ് പരാതി. പാത വികസനത്തിനായി പത്തു മീറ്റർ ദൂരമാണ് മെയിൻ കനാൽ പൊളിച്ചത്.
ഉടൻ പുനർ നിർമിച്ചു നൽകുമെന്നു കളക്ടർ ഉൾപ്പെടെയുള്ളവർക്ക് കരാർകമ്പനി നൽകിയിരുന്ന ഉറപ്പിലായിരുന്നു മെയിൻ കനാലിനൊപ്പം 300 മീറ്ററോളം കാട കനാലുകളും ഇതിലെ രണ്ട് സ്ളൂയീസുകളും പൊളിച്ചത്.
എന്നാൽ പാതവികസനം കഴിഞ്ഞ് ടോൾ പിരിവു തുടങ്ങിയിട്ടും കനാൽ പുനർനിർമിക്കാൻ കരാർ കമ്പനി നടപടി സ്വീകരിക്കാത്തതാണ് കർഷകരുടെയും മറ്റും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്. ഫ്ലൈഓവറിനു താഴെയാണ് കനാൽ പൊളിച്ചത്.ഇതിനാൽ ഡാമിൽ നിന്നും വെള്ളം വിടുമ്പോൾ ഈ ഭാഗത്ത് വലിയ തോതിലുള്ള ജലനഷ്ടം ഉണ്ടാകുന്നുണ്ടെന്നു കനാൽ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ സിന്ധു പറഞ്ഞു.
പൊളിഞ്ഞു കിടക്കുന്ന ഭാഗത്ത് ഓരോ വർഷവും മണ്ണു നികന്ന് വെള്ളം ഒഴുകാത്ത സ്ഥിതിയുമുണ്ട്. തൊട്ടുതാഴെയുള്ള വടക്കഞ്ചേരി പാടശേഖരത്തിലെ കർഷകർ പിരിവെടുത്ത് കനാലിലെ മണ്ണുനീക്കിയാണ് ഓരോ വർഷവും ഇപ്പോൾ വെള്ളം കൊണ്ടുപോകുന്നതെന്ന് കർഷകനും കിസാൻ സഭ നേതാവുമായ ജാക്സൺ ലൂയിസ് പറഞ്ഞു.
അടുത്ത കൃഷികൾക്കു മുമ്പ് കനാൽ പുനർ നിർമിച്ച് വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള നടപടി വേണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്. പാടശേഖര സമിതികളും കിസാൻ സഭയും കൃഷി, ഇറിഗേഷൻ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.