വടക്കഞ്ചേരിയിൽ 24 മണിക്കൂറിനുള്ളിൽ പെയ്തതു 147 മില്ലിമീറ്റർ മഴ
1423898
Tuesday, May 21, 2024 1:14 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ 24 മണിക്കൂറിനുള്ളിൽ പെയ്തതു 147 മില്ലീമീറ്റർ മഴ.
ഞായറാഴ്ച രാവിലെ ആറുമുതൽ തിങ്കളാഴ്ച രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിലാണ് ഈ കനത്ത മഴ പെയ്തത്.
വടക്കഞ്ചേരിയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് ശേഷാദ്രിനാഥൻ ടൗണിനടുത്ത് ചെക്കിണിയിൽ സ്ഥാപിച്ചിട്ടുള്ള മഴ മാപിനിയിൽ നിന്നാണ് ഇതു രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ മാസം ആറു ദിവസം കൊണ്ട് മാത്രം 351 മില്ലിമീറ്റർ മഴ ലഭിച്ചു. ഇതു റെക്കോർഡ് മഴയാണ്. ഈ മാസത്തിലെ ശേഷിച്ച ദിവസങ്ങളിൽ ലഭിക്കുന്ന മഴ കൂടിയാകുമ്പോൾ 2021 മേയ് മാസത്തിലെ മഴയേക്കാൾ മറികടക്കുമെന്നു മഴയും പ്രകൃതിയെക്കുറിച്ചും പഠനം നടത്തുന്ന ഡോ. പ്രഫ. വാസുദേവൻപിള്ള പറഞ്ഞു.
ചില സംസ്ഥാനങ്ങളിൽ ഒരു വർഷം കിട്ടുന്ന മഴയാണ് ആറു ദിവസം കൊണ്ട് ലഭിച്ചത്. 2021 ലാണ് ഇതിനുമുമ്പ് മേയ് മാസത്തിൽ കൂടുതൽ മഴ കിട്ടിയത്. 20 ദിവസം പെയ്തത് 423 മില്ലീമീറ്റർ മഴയായിരുന്നു.
2022 മേയ് മാസത്തിൽ 20 ദിവസത്തെ മഴയിൽ 349 മില്ലീമീറ്റർ ലഭിച്ചപ്പോൾ 2020 മേയിൽ ഒമ്പത് ദിവസത്തെ മഴയിൽ 80 മില്ലീമീറ്റർ മഴയാണുണ്ടായത്. കഴിഞ്ഞ വർഷം മേയ് മാസത്തിലെ ഒമ്പതു ദിവസത്തെ മഴയിൽ 192 മില്ലീമീറ്റർ മഴയായിരുന്നു.
വേനലിൽ ലഭിക്കുന്ന മഴവെള്ളം സംഭരിച്ച് ജലക്ഷാമത്തിനു പരിഹാരം കാണാൻ ഇനിയും നടപടികളില്ല എന്നത് ഏറെ വിഷമിപ്പിക്കുന്നതാണെന്നു ഡോ. വാസുദേവൻപിള്ള പറഞ്ഞു.