മൂന്നു കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ ഭൂമിദാനം ചെയ്ത് മുൻ സൈനികൻ
1423697
Monday, May 20, 2024 1:48 AM IST
ഷൊർണൂർ: വീടുവയ്ക്കാൻ സ്ഥലമില്ലാതെ വിഷമിക്കുന്ന മൂന്ന് കുടുംബങ്ങൾക്ക് ഭൂദാനം നടത്തി മുൻ സൈനികൻ. ഭൂദാനപ്രസ്ഥാനത്തിന്റെ സഹയാത്രികനോ അനുഭാവിയോ ഒന്നുമായിട്ടല്ല നാഗലശേരി പഞ്ചായത്തിൽ സ്വന്തമായി വീടും സ്ഥലവുമില്ലാത്ത മൂന്ന് കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള്ള സ്ഥലം മുൻ സൈനികനായ പിലാക്കാട്ടിരി തറമേൽ തെക്കേക്കര കുട്ടിനാരായണൻ നമ്പ്യാർ നൽകിയത്. മരിച്ചു പോകുമ്പോൾ ആരും ഒന്നും കൊണ്ടുപോവുകയില്ലെന്ന സാമാന്യ തത്വമാണ് ഭൂമി നൽകാൻ ഇദ്ദേഹത്തിന് തിരിച്ചറിവായത്.
തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്ന് മൂന്നുസെന്റ് വീതം സ്ഥലമാണ് ഇദ്ദേഹം വിട്ടുനൽകിയത്. ഇതിന്റെ രേഖകളും കൈമാറി. സൈനിക ജീവിതത്തിനിടയിൽ ഉണ്ടായ അനുഭവങ്ങളും, വിശ്രമ ജീവിതത്തിന്റെ പുതിയ മുഖങ്ങളും നെഞ്ചിലേറ്റി കഴിയുന്ന കുട്ടിനാരായണൻ നമ്പ്യാർ നാടിനു പ്രിയങ്കരനായ മനുഷ്യസ്നേഹിയാണ്.
നാഗലശേരി വള്ളുവനാട് സേവാസമിതി പ്രവർത്തകൻ കൊടവമ്പറമ്പിൽ ഹരിദാസ്, മുൻ പഞ്ചായത്തംഗം പി.കെ. മുരളിവർമ, പഞ്ചായത്തംഗം പ്രിയാ സുരേഷ്, വി. രാമചന്ദ്രൻ, മുൻ പഞ്ചായത്തംഗം ടി. ധർമരാജൻ, കെ. സുമേഷ് എന്നിവർ പങ്കെടുത്ത ു.