മലന്പുഴ കാർപാർക്കിൽ വൻമരം ഒടിഞ്ഞുവീണു
1423009
Friday, May 17, 2024 1:30 AM IST
മലന്പുഴ: മലന്പുഴഡാം പാർക്കിംഗ് പ്രദേശത്ത് നിന്നിരുന്ന വൻമരം ഒടിഞ്ഞുവീണു. ചായക്കട ഭാഗികമായി തകർന്നു. കടയിൽ കിടന്നുറങ്ങിയിരുന്ന ജീവനക്കാരൻ രാജൻ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ഒന്നരക്കായിരുന്നു സംഭവം.
ജീവനക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് കടയുടമ ബിജു സ്ഥലത്തെത്തി. അദ്ദേഹം വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ്, വൈദ്യുതി വകുപ്പ്, ഇറിഗേഷൻ വകുപ്പ്, പരിസരത്തെ മറ്റു വ്യാപാരികൾ, നാട്ടുകാർ, ഓട്ടോ, ടാക്സി ഡ്രൈവർമാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
കഞ്ചിക്കോട് ഒരു കന്പനിക്ക് തീപിടിച്ച വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് അവിടെപോയി തീപിടിത്തം ശാന്തമാക്കിയതിനു ശേഷമാണ് തിരിച്ചുവന്ന് വീണ്ടും മരം മുറിച്ചു മാറ്റിയത്. പകൽ സമയങ്ങളിലായിരുന്നെങ്കിൽ വൻ ദുരന്തം നേരിടേണ്ടിവരുമെന്ന് തകർന്ന ചായക്കട ഉടമ ബിജുവും നാട്ടുകാരും പറഞ്ഞു.
ഈ മരത്തണലിൽ ഇരുന്നാണ് വിനോദ സഞ്ചാരികളും മറ്റും വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യാറുള്ളത്. ധാരാളം വാഹനങ്ങളും ഇവിടെ നിർത്തിയിടാറുണ്ട്.
ഇനിയും ഒട്ടേറെ മരങ്ങൾ ചിതൽ പിടിച്ച് മറിഞ്ഞു വീഴാറായി നില്‍ക്കുന്നുണ്ടെന്നും അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ദുരന്തങ്ങൾ ഉണ്ടാകുമെന്നും ഓട്ടോ ഡ്രൈവർ കൂടിയായ നാട്ടുകാരൻ ജോണ്സണ് പറഞ്ഞു. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രവീണ്‍ പറഞ്ഞു.
ഫയർ സ്റ്റേഷനിലെ എൻ. ശശി, ശ്രുതി ലേഷ്, പ്രശാന്ത്, രമേഷ്, ചന്ദുലാൽ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.