ഒറ്റപ്പാലത്തു മഴക്കാലപൂർവ ശുചീകരണം ജൂണിൽതന്നെ പൂർത്തിയാക്കും
1422787
Thursday, May 16, 2024 1:04 AM IST
ഒറ്റപ്പാലം: മഴക്കാലപൂർവ ശുചീകരണം സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനം. ഒറ്റപ്പാലം നഗരസഭാപരിധിയിലാണ് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ജൂൺ മാസത്തിനുമുമ്പ് തന്നെ പൂർത്തിയാക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനമായത്.
നഗരസഭാതല ശുചീകരണ പ്രവർത്തനങ്ങൾ ശനിയാഴ്ച ബസ്സ്റ്റാൻഡിന് സമീപത്തു നിന്ന് തുടങ്ങും. ശുചീകരണം കാര്യക്ഷമമായി നടപ്പാക്കാൻ ഏഴ് ശുചീകരണത്തൊഴിലാളികളെക്കൂടി താത്കാലികമായി നിയമിക്കും. വെള്ളിയാഴ്ചയ്ക്ക് മുമ്പായി വാർഡ്തല ശുചീകരണസമിതികളുടെ യോഗം പൂർത്തിയാക്കാനും നിർദേശമുണ്ട്.
വാർഡുതലത്തിലെ വലിയരീതിയിലുള്ള പ്രവർത്തനങ്ങൾ നഗരസഭ ശുചീകരണത്തൊഴിലാളികളെ ഉപയോഗിച്ച് നേരിട്ട് നടപ്പാക്കും. ചെറിയരീതിയിലുള്ളവ സന്നദ്ധസംഘടനകളുടെ സഹായത്തോടെ വാർഡുതലത്തിൽ നടത്തും.
ശുചീകരണത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ബോധവത്കരണ ക്ലാസുകൾ നടത്തും. മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ആശാപ്രവർത്തകരെയും പങ്കെടുപ്പിച്ച് പ്രത്യേക യോഗം ചേരും.
പുതിയ അധ്യയനവർഷം തുടങ്ങുന്നതിന് മുമ്പായി സ്കൂളുകളിലെ ജലസ്രോതസ്സുകൾ ശുചീകരിക്കും.
നഗരസഭാപരിധിയിൽവരുന്ന ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ പരിശോധന കർശനമാക്കുന്നതിനും ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗം തീരുമാനിച്ചു.