രമ്യ ഹരിദാസിന്റെ കൊട്ടിക്കലാശം വടക്കഞ്ചേരിയിൽ
1418676
Thursday, April 25, 2024 1:34 AM IST
വടക്കഞ്ചേരി: ആവേശം അലതല്ലി വടക്കഞ്ചേരിയിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ കൊട്ടിക്കലാശം. താളമേളങ്ങളും പടക്കവും മുന്നണിപ്രവർത്തകരുടെ ആവേശം കൂട്ടി. ഭീമൻകൊടികളും വമ്പൻ കട്ടൗട്ടുകളുമായാണ് നൂറു കണക്കിനു പ്രവർത്തകർ ടൗണിൽ എത്തിയത്. തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭാട്ടി വിക്രമർഗയും കൊട്ടിക്കലാശത്തിന് എത്തിയിരുന്നു.
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ നേതൃത്വത്തിൽ മുന്നണിയിലെ പാർട്ടി നേതാക്കൾക്കൊപ്പം വേലന്താവളത്തുനിന്നും റോഡ് ഷോ ആയിട്ടാണ് സ്ഥാനാർഥി രമ്യ ഹരിദാസ് വടക്കഞ്ചേരിയിലെത്തിയത്. അഞ്ചുമണിക്കുമുന്നേ യുഡിഎഫ് പ്രവർത്തകർ കൊടിതോരണങ്ങളുമായി ടൗണിലേക്കു പ്രവഹിക്കാൻ തുടങ്ങിയിരുന്നു.
കൊട്ടിക്കലാശത്തിനൊടുവിൽ രമ്യ ഹരിദാസ് പ്രചാരണവാഹനത്തിനു മുകളിൽ കയറി കൈവീശി പ്രവർത്തകരെ ആവേശം കൊള്ളിച്ചതും ശ്രദ്ധേയമായി. ആറുമണി കഴിഞ്ഞിട്ടും മുന്നണി പ്രവർത്തകരുടെ ആവേശം നിലയ്ക്കാതായപ്പോൾ പോലീസ് ഇടപെടലുമുണ്ടായി.