മണ്ണാർക്കാട് നഗരത്തിലെ ഗതാഗതക്കുരുക്കിനു ശമനമില്ല
1417523
Saturday, April 20, 2024 1:32 AM IST
മണ്ണാർക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനമില്ല. രാവിലെ മുതൽ ഉച്ചവരെയും വൈകുന്നേരങ്ങളിലും അനുഭവപ്പെടുന്ന തിരക്ക് യാത്രികരെ ദുരിതത്തിലാക്കുകയാണ്. സ്വതവേ വീതികുറഞ്ഞ റോഡിൽ വാഹനങ്ങൾ മൂന്നും നാലും വരിയായി കടന്നുപോകുന്നത് കുരുക്കിന് ആക്കംകൂട്ടുന്നു.
കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാനും ഏറെ കാത്തുനിൽക്കണം. നഗരസഭ ബസ് സ്റ്റാൻഡിന് മുൻവശത്തും കോടതിപ്പടി ജംഗ്ഷനിലുമാണ് സ്ഥിതി രൂക്ഷം. ബസ് സ്റ്റാൻഡിൽനിന്ന് വാഹനങ്ങൾ ഇറങ്ങുകയും കയറുകയും ചെയ്യുന്പോൾ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം സ്തംഭിക്കുന്നു. കോടതിപ്പടി ഭാഗത്ത് ചങ്ങലീരി റോഡിൽനിന്ന് വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്പോഴും തിരിച്ചുകയറുന്പോഴും സമാനമായ ഗതാഗത തടസമുണ്ടാകുന്നു. വാഹനങ്ങൾ നിയന്ത്രിക്കാൻ ട്രാഫിക് പോലീസുണ്ടെങ്കിലും തിരക്ക് നിയന്ത്രണവിധേയമല്ല.
ഗതാഗതക്കുരുക്ക് കുറക്കുന്നതിന്റെ ഭാഗമായി ചങ്ങലീരി റോഡിൽനിന്ന് നന്പിയാംകുന്ന് ഭാഗത്തുകൂടെ മുന്പ്് വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു. എന്നാൽ കഴിഞ്ഞ മാസം മുതൽ ഇതും നിലച്ചു. ഇവിടെനിന്ന് കുന്തിപ്പുഴ പാലത്തിന് സമീപം പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം.
നിലവിൽ, നിയന്ത്രണമില്ലാതായതോടെ എല്ലാ വാഹനങ്ങളും നേരിട്ട് കോടതിപ്പടി ജംഗ്ഷനിലേക്ക് പ്രവേശിക്കുകയാണ്. റോഡുകളുടെ വീതികുറവും അനധികൃത വാഹന പാർക്കിംഗും ഗതാഗക്കുരുക്കിന് ഇടയാക്കുന്നുണ്ട്.