ജലസ്രോതസുകളില്‍ വെള്ളമില്ല; പമ്പിംഗ് നിലച്ചേക്കും
1415897
Friday, April 12, 2024 1:30 AM IST
എം.വി. വസന്ത്
പാലക്കാട്: കടുത്ത വരള്‍ച്ചയിലേക്ക് വിരല്‍ചൂണ്ടി ജലസ്രോതസുകള്‍ വറ്റിവരണ്ടു. പലയിടത്തും കുടിവെള്ളത്തിനായി മുറവിളി ഉയര്‍ന്നു തുടങ്ങിയതോടെ വാട്ടര്‍ അഥോറിറ്റി അധികൃതരും അങ്കലാപ്പില്‍.
ആളിയാര്വെള്ളത്തെ ആശ്രയിച്ചു നടത്തുന്ന കുടിവെള്ള പമ്പിംഗ് വരുംദിവസങ്ങളില്‍ നിലയ്ക്കുമെന്ന ആശങ്കയാണ് അധികൃതര്‍ പങ്കുവയ്ക്കുന്നത്.
ചിറ്റൂര്‍ പുഴ പലയിടത്തും മെലിഞ്ഞ മട്ടിലാണ്. കൊടുമ്പ്, പൊല്‍പ്പുള്ളി പഞ്ചായത്തിലെ കുടിവെള്ള വിതരണം രണ്ടുദിവസത്തിനകം മുടങ്ങും. കൊടുമ്പ് മിഥുനപ്പള്ളം തടയണയില്‍ നിന്നാണ് കൊടുമ്പ്, പൊല്‍പ്പുള്ളി പഞ്ചായത്തുകളിലെ അഞ്ചു ടാങ്കുകളിലേക്ക് വെള്ളം പമ്പുചെയ്യുന്നത്.
ഉപഭോക്താക്കള്‍ തിങ്ങിനിറഞ്ഞ പ്രദേശങ്ങളാണിത്. മിഥുനപ്പള്ളം തടയണയില്‍ ഇപ്പോള്‍ അടിത്തട്ടു പോലും ദൃശ്യമാണ്. പൊള്ളുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമായി മാറിയിരിക്കുകയാണ് ഈ തടയണപ്രദേശം.
മൂന്നു ദിവസത്തിനപ്പുറത്തേക്ക് വെള്ളം പമ്പുചെയ്യാനുണ്ടാകില്ലെന്നു പ്രദേശത്ത് എത്തുന്നവര്‍ക്കു പോലും മനസിലാകും. തങ്ങള്‍ നിസഹായരാണെന്നും ചിറ്റൂര്‍ പുഴയിലൂടെ ആളിയാര്‍ വെള്ളമെത്തിയാല്‍ മാത്രമേ പമ്പിംഗ് നടത്താകൂയെന്നും വാട്ടര്‍ അഥോറിറ്റി ജീവനക്കാര്‍ പറയുന്നു.
അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരമാണ് ആളിയാര്വെള്ളമെത്തേണ്ടത്.
ആളിയാറില്‍ നിന്നും പുഴയില്‍ വെള്ളമിറക്കിയാല്‍ മൂന്നു നാളെങ്കിലും കഴിഞ്ഞു മാത്രമേ കൊടുമ്പില്‍ വെള്ളമെത്തുകയുള്ളു.
എന്തായാലും പമ്പിംഗ് ഏറെനാള്‍ നിര്‍ത്തിവയ്ക്കേണ്ടി വരുമെന്നു തന്നെയാണ് അധികൃതര്‍ നല്കുന്ന സൂചന.