വിഷുക്കൈനീട്ടം റെയ്ഡിൽ പിടിച്ചെടുത്തത് 51,500 രൂപ
1415662
Thursday, April 11, 2024 12:59 AM IST
പാലക്കാട് : ജില്ലയിൽ കേരള ബിവറേജസ് കോർപറേഷന്റെയും കണ്‍സ്യൂമർ ഫെഡിന്റെയും മദ്യവില്പനശാലകളിൽ വിജിലൻസിന്റെ "വിഷുക്കൈനീട്ടം' മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് 51,500 രൂപ.
സ്വകാര്യ മദ്യ ഡിസ്റ്റിലറിക്കാർ ബിവറേജസ് കോർപറേഷന്റെയും കണ്‍സ്യൂമർ ഫെഡിന്റെയും ജീവനക്കാർക്ക് പണം നൽകുന്നുണ്ടെന്നു കണ്ടെത്തി.
മദ്യത്തിന്റെ അളവിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ നൽകുന്നുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു.
ഓരോ ഔട്ട് ലെറ്റിനും 8,000 രൂപ മുതൽ 15,000 രൂപവരെ ഓരോ മാസവും നൽകാറുണ്ട്. എറണാകുളം കേന്ദ്രീകരിച്ചുള്ള സ്വകാര്യ മദ്യക്കന്പനിയുടെ രണ്ട് ജീവനക്കാരാണ് കാറിൽ വന്ന് ജില്ലയിലെ എല്ലാ ഒൗട്ട് ലെറ്റുകളിലും ഇത്തരം തുകകൾ വിതരണം നടത്തുന്നത്. കൈക്കൂലി വാങ്ങി സ്വകാര്യ കന്പനിയുടെ മദ്യം വില്പനനടത്താൻ ജീവനക്കാർ താത്പര്യം കാണിക്കുന്നുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു.
പരിശോധനയോടനുബന്ധിച്ച് പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയും സംഘവും ഒറ്റപ്പാലം കണ്‍സ്യൂമർഫെഡ് പരിസരം നിരീക്ഷിച്ചു.
ഇതിനിടെ സ്വകാര്യ മദ്യക്കന്പനിയുടെ ജീവനക്കാർ ഒൗട്ട് ലെറ്റിൽ പ്രവേശിച്ച് ഷോപ്പ് മാനേജരുമായി സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കന്പനിയുടെ മദ്യം ഉപഭോക്താക്കൾ കാണത്തക്കവിധം പ്രദർശിപ്പിക്കുകയും ഒൗട്ട് ലെറ്റിലെ ജീവനക്കാരനുമായി അകത്ത് മാറിനിന്ന് സംസാരിക്കുകയും പൈസ കൈമാറുകയുമായിരുന്നു.
ആ തുക ഒരു ബുക്കിനുള്ളിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിജിലൻസ് ഉദ്യോഗസ്ഥരെത്തി കൈയോടെ പിടികൂടി. 6750 രൂപയും വില്പന നടത്തിയ കെയ്സിന്റെ തുക എഴുതിയ ചീട്ടും മറ്റ് ഔട്ട് ലെറ്റുകളിൽ കൊടുത്ത തുകയാണെന്ന് ഡിസ്റ്റിലറി കന്പനിയുടെ ഏരിയ മാനേജരും സഹായിയും സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ് ഡിവൈഎസ്പി സി.എം. ദേവദാസൻ, ഗസറ്റഡ് ഉദ്യോഗസ്ഥനായ പൊതുമരാമത്ത് നിരത്ത് വിഭാഗം ഡെപ്യൂട്ടി എക്സി. എൻജിനിയർ കെ.എ. ബാബു, ഇൻസ്പെക്ടർ കെ.എൽ. സിജു നായർ, സബ് ഇൻസ്പെക്ടർമാരായ ബി. സുരേന്ദ്രൻ, പി. സുദേവൻ, ടി.ആർ. ശശി, എസ് സിപിഒമാരായ കെ. ഉവൈസ്, ആർ.രാജേഷ്, സിപിഒ വി. സന്തോഷ്, എസ് സിപിഒ ഷാനവാസ്, സിപിഒ സി.കെ. ഷംസുദ്ദീൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.