മംഗലംഡാം റിസർവോയറിൽ വിഷ മുൾച്ചെടികൾ വ്യാപകം
1415272
Tuesday, April 9, 2024 6:06 AM IST
മംഗലംഡാം: മംഗലംഡാം റിസർവോയറിൽ വിഷമുള്ള മുൾച്ചെടികൾ വ്യാപകമായതു ജലസംഭരണത്തിനും മത്സ്യബന്ധനത്തിനും ഭീഷണിയായി.
വെള്ളത്തിനടിയിലും കരകളിലുമായി ആറടിയോളം ഉയരത്തിലാണ് മുൾച്ചെടികൾ വ്യാപകമായിട്ടുള്ളത്. മണ്ണുനിറഞ്ഞ് ജലസംഭരണ ശേഷി കുറഞ്ഞ ഡാമിൽ മുൾച്ചെടികൾ കൂടി നിറഞ്ഞതോടെ റിസർവോയറിന്റെ പലഭാഗങ്ങളും ചതുപ്പുനിലം പോലെയാണിപ്പോൾ.
സംഭരണിക്കുള്ളിൽ നൂറിലേറെ ഏക്കറോളം സ്ഥലത്ത് ഈ വിഷച്ചെടി വ്യാപിച്ചു കഴിഞ്ഞു. ചെടികൾ വളർന്നു മൂപ്പെത്തി അതിൽ നിന്നുള്ള കായ്കൾ വീണ് വളരെ വേഗത്തിലാണ് ഇവ വ്യാപകമാകുന്നത്.
ചെടിയുടെ തണ്ടോ ഇലയോ ശരീരത്തിൽ തട്ടിയാൽ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു.
ചെടിയുടെ സ്പർശനം ചിലർക്ക് കടുത്ത അലർജി ഉണ്ടാക്കുന്നുണ്ട്. രണ്ടാംപുഴ, ചൂരുപ്പാറ ഓടംതോട് ഭാഗങ്ങളിൽ ഇറങ്ങാനാകാത്ത വിധം ഈ ചെടികൾ നിറഞ്ഞിരിക്കുകയാണ്. നീർനായക്കളുടെ താവളങ്ങളാണ് ഈ ചെടിക്കാടുകൾ.
ഡാമിൽ വെള്ളം നിറയുമ്പോൾ വെള്ളത്തിൽ മുങ്ങുന്ന ചെടികൾ മത്സ്യബന്ധനത്തിനും തടസമാകുന്നതായി ഡാമിലെ ഫിഷറീസ് സഹകരണസംഘം ഭാരവാഹികൾ പറഞ്ഞു. ചെടികളിലെ മുള്ളുകളിൽ കുടുങ്ങി വല കീറി ലക്ഷങ്ങളുടെ നഷ്ടമാണ് സംഘത്തിനുണ്ടാകുന്നത്. വിഷകാരിയായ ചെടികളുടെ വ്യാപനം റിസർവോയർ ഉറവിടമാക്കി തുടങ്ങുന്ന കുടിവെള്ള പദ്ധതിക്കും ദോഷകരമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
വെള്ളം വറ്റുന്ന വേനൽ മാസങ്ങളിൽ ചെടികൾ നശിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.