വാഹനമിടിച്ച് വയോധികൻ മരിച്ച കേസിൽ നിർത്താതെ പോയ വാഹനവും പ്രതികളെയും പോലീസ് പിടികൂടി
1397498
Tuesday, March 5, 2024 1:26 AM IST
മണ്ണാർക്കാട്: വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന വിയ്യക്കുറുശി നൊട്ടമല കൈപ്പുള്ളി അലവിയുടെ മകൻ സെയ്താലി എന്ന മാനുക്ക (73) മരിച്ച കേസിൽ രണ്ട് പേരെ മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ബൈക്ക് ഓടിച്ചിരുന്ന പുലാപ്പറ്റ കോണിക്കഴി പാട്ടക്കൽ ജബ്ബാറിന്റെ മകൻ യാസർ അറാഫത്ത് (36), കൂടെ യാത്ര ചെയ്തിരുന്ന പുലാപ്പറ്റ കോണിക്കഴി താലിക്കുഴി ഹുസൈനാരുടെ മകൻ ഷറഫുദ്ദീൻ (37) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ മണ്ണാർക്കാട് നൊട്ടമലയിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന സെയ്താലിയെ മണ്ണാർക്കാട് ഭാഗത്തുനിന്നും വന്ന ബൈക്ക് ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു.
മണ്ണാർക്കാട് ഭാഗത്തേയും പ്രതികൾ സഞ്ചരിച്ച ഭാഗങ്ങളിലെ 25 ഓളം സിസിടിവി കാമറകൾ പരിശോധിച്ചതിൽ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിക്കുകയും തുടർന്ന് പ്രതികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും കഴിഞ്ഞു. ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്ഐ ഉണ്ണി, സീനിയർ പോലീസ് ഓഫീസർമാരായ സാജിദ്, സുരേഷ്, രാജീവ്, സിവിൽ പോലീസ് ഓഫീസർ റംഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.