പാലക്കാട് ഐഐടിയിൽ ടെക് ഫെസ്റ്റിന് തുടക്കം
1397192
Sunday, March 3, 2024 8:24 AM IST
പാലക്കാട്: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ (കെഎസ്സിഎസ്ടിഇ) സംഘടിപ്പിക്കുന്ന ടെക്നോളജിക്കൽ ഫെസ്റ്റിവലിന് (ടെക്ഫെസ്റ്റ്-2024) പാലക്കാട് ഐഐടിയിൽ തുടക്കമായി.
കേരള ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ.കെ.പി. സുധീർ അധ്യക്ഷത വഹിച്ചു. ഐഐടി ഡയറക്ടർ പ്രഫ.എ. ശേഷാദ്രി ശേഖർ ഉദ്ഘാടനം ചെയ്തു.
നിർമിത ബുദ്ധി മനുഷ്യ ബുദ്ധിയുടെ സൃഷ്ടിയാണെന്നും എല്ലാ വിദ്യാർഥികളും അവരവരുടെ കഴിവും അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തണം എന്നും പ്രഫ. ശേഷാദ്രി ശേഖർ പറഞ്ഞു.
ഒരു വ്യക്തിക്ക് ഒരു സംവിധാനം കൂടുതൽ കാര്യക്ഷമമോ വിലകുറഞ്ഞതോ ലളിതമോ ആക്കാൻ കഴിയുമെങ്കിൽ, അതൊരു നൂതനാശയം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎസ്സിഎസ്ടിഇ ചീഫ് സയന്റിസ്റ്റ് ഡോ.വി. അജിത് പ്രഭു, ഐഐടി ഐസിഎസ്ആർ ഡീൻ പ്രഫ.ശാന്തകുമാർ മോഹൻ, പാലക്കാട് എൻഎസ്എസ് എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. പി.ആർ. സുരേഷ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.കെ. വിജയകുമാർ എന്നിവരും പങ്കെടുത്തു.
ചിക്കൻ അടങ്ങിയ പഴകിയ ഭക്ഷണം തിരിച്ചറിയാനുള്ള സെൻസറുകൾ, ശ്രവണവൈകല്യം ഉള്ളവർക്ക് സാധാരണക്കാരുമായി സംവദിക്കുന്നതിനുള്ള ഡ്യൂവൽ പർപ്പസ് സൈൻ ലാംഗ്വേജ് കണ്‍വർട്ടർ, സ്പീഡ് ബ്രേക്കറിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപകരണം, കിടപ്പു രോഗികൾക്ക് അവരുടെ ന്യൂറോ സിഗ്നലുകൾ വഴി പ്രവർത്തിപ്പിക്കാവുന്ന വീൽ ചെയർ, എന്നിവ ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള എൻജിനീയറിംഗ് വിദ്യാർഥികളുടെ തെരഞ്ഞെടുത്ത 31 നൂതന സാങ്കേതികവിദ്യകൾ ആദ്യ ദിവസം ടെക്ഫെസ്റ്റിൽ പ്രദർശിപ്പിച്ചു.