വേലക്കണ്ടങ്ങളിൽ ഉത്സവ ഒരുക്കം തുടങ്ങി
1396743
Saturday, March 2, 2024 1:50 AM IST
ആലത്തൂർ: കൊയ്ത്തു കഴിഞ്ഞതോടെ വേലക്കണ്ടങ്ങളിൽ വേല, പൂരം, കുമ്മാട്ടി ഉത്സവങ്ങൾക്ക് ഒരുക്കങ്ങൾ തകൃതി. ഇത്തവണ ആലത്തൂർ താലൂക്കിൽ കൊയ്ത്ത് നേരത്തേ ആരംഭിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലും മാർച്ചിലും നടത്തിയ ഉത്സവങ്ങൾക്കു വേലക്കണ്ടങ്ങളിൽ കൊയ്ത്ത് വൈകിയതു ബുദ്ധിമുട്ടായിരുന്നു. ഇത്തവണ ഉത്സവ കണ്ടങ്ങൾക്ക് ഈ പ്രശ്നമില്ല.
കൊയ്ത്തിനു പാകമാകാൻ രണ്ടോ, മൂന്നോ ആഴ്ച കൂടി സമയമാകുമായിരുന്ന നെൽപ്പാടങ്ങൾ ഉത്സവ കമ്മിറ്റികൾ മുൻകൈയ്യെടുത്ത് കൊയ്ത്ത് നടത്തിയാണ് കഴിഞ്ഞ വർഷം ഒരുക്കങ്ങൾ ആരംഭിച്ചത്.
വെടിക്കെട്ടിനും എഴുന്നള്ളത്തിനുമുള്ള പാടങ്ങളിൽ അന്ന് ജലാംശം ഉണ്ടായിരുന്നതും ബുദ്ധിമുട്ടായി.
വാഹനങ്ങൾ ചെളിയിൽ താഴ്ന്നു പോകുന്ന സാഹചര്യമായിരുന്നു. തലച്ചുമടായി എത്തിച്ച വെടിക്കെട്ട് സാമഗ്രികൾ വെടിക്കെട്ട് നടക്കുന്ന പാടത്ത് കുഴിയെടുത്ത് സ്ഥാപിക്കുന്നതിനും തടസം നേരിട്ടു. കുഴിയെടുക്കുമ്പോൾ ജലാംശം ഉണ്ടായിരുന്നതിനാൽ പ്ലാസ്റ്റിക് കവചം കൂടി വച്ചാണ് ഇവ സ്ഥാപിക്കാനായത്.
എഴുന്നള്ളത്തും വെടിക്കെട്ടും വാഹന പാർക്കിംഗും കഴിഞ്ഞ പാടങ്ങൾ ജെസിബിയും ട്രാക്ടറും ഉപയോഗിച്ച് നിരപ്പാക്കി പൂർവ സ്ഥിതിയിലാക്കേണ്ടതും വേലക്കമ്മിറ്റിക്കാരാണ്. ഇത്തവണ കൊയ്ത്ത് നേരത്തേ ആരംഭിച്ചതും നെൽപ്പാടങ്ങളിൽ ജലാംശം കുറവായതും വെയിലിന് ചൂടു കൂടിയതും എഴുന്നള്ളത്തിനും വെടിക്കെട്ടിനും പാടങ്ങൾ ഒരുക്കുന്നത് എളുപ്പമായതായി വേലക്കമ്മിറ്റിക്കാർ പറയുന്നു.