ഇറിഗേഷൻ പദ്ധതി സാമഗ്രികൾ കടത്തുന്നതു തടഞ്ഞ് നാട്ടുകാർ
1396552
Friday, March 1, 2024 1:57 AM IST
അഗളി: അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിക്കുവേണ്ടി അട്ടപ്പാടി ചിറ്റൂരിൽ സർക്കാർ വാങ്ങിക്കൂട്ടിയിരുന്ന നാലര പതിറ്റാണ്ടിലധികം പഴക്കമുള്ള വാഹനങ്ങളും അനുബന്ധ വസ്തുക്കളും പൊളിച്ചടുക്കിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി.
ഇന്നലെ ഉച്ചയോടെയാണ് കൂറ്റൻ യന്ത്രസാമഗ്രികൾ നീക്കംചെയ്യുന്നതു ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇറിഗേഷൻ വകുപ്പ് അധികാരികൾ സ്ഥലത്തില്ലാതിരുന്നതാണ് നാട്ടുകാരിൽ സംശയമുയർത്തിയത്.
ഇതിനു മുൻപും പ്രദേശത്തുനിന്ന് മോഷണ പരമ്പരകൾ നടന്നിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു കോടിയിലധികം വിലമതിക്കുന്ന സ്ലുയിസ് വാൽവുകൾ മോഷ്ടിക്കപ്പെട്ടിട്ടും ഇതുവരെ ഒരു തുമ്പും കണ്ടെത്താനായിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിജസ്ഥിതികൾ അറിയിക്കാത്ത പക്ഷം യന്ത്രസാമഗ്രികൾ കടത്തിക്കൊണ്ടുപോകാൻ ആകില്ലെന്ന നിലപാടിൽ പ്രദേശവാസികൾ ഉറച്ചുനിന്നു.
പതിറ്റാണ്ടുകൾക്കു മുമ്പ് അട്ടപ്പാടി അണക്കെട്ടിനു വേണ്ടി പൊന്നിൻ വലയ്ക്കെടുത്ത കൃഷിഭൂമികൾ വന സദൃശ്യമായി മാറിയെന്നും ആനയും പുലിയും അടക്കമുള്ള വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം ആയിരിക്കുകയാണെന്നും ഇവിടെ അവശേഷിക്കുന്ന കർഷക കുടുംബങ്ങൾ ദുരിതത്തിലാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
സംഭവം അറിഞ്ഞ് അഗളി ഭവാനി ബേസിൻ ഡിവിഷണിൽ നിന്നും ഉദ്യോഗസ്ഥരെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. ഡെലിവറി ഓർഡർ ജനങ്ങൾക്ക് കാണിച്ചതോടെ സമാധാനപൂർവ്വം പ്രതിഷേധക്കാർ പിരിഞ്ഞു.