കോരഞ്ചിറ പൊക്കലത്ത് വൻ അഗ്നിബാധ
1396550
Friday, March 1, 2024 1:57 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി കോരഞ്ചിറക്കടുത്ത് പൊക്കലത്ത് കെട്ടിടത്തിനു തീപിടിച്ച് വൻ നഷ്ടം.
വിനു രാജിന്റെ ഉടമസ്ഥതയിലുള്ള ഫർണീച്ചർ വർക്ക്ഷോപ്പും ഫർണീച്ചറുകളും മര ഉരുപ്പടികൾ ജോസി മാത്യുവിന്റെ ഡെക്കറേഷൻ ഗോഡൗണിലുമാണു തീപിടുത്തമുണ്ടായത്.
ഇന്നലെ പുലർച്ചെ നാലുമണിയോടെ സമീപത്തെ വീട്ടുകാരാണ് തീ കണ്ട് ബന്ധപ്പെട്ടവരെ വിവരമറിയിച്ചത്.
കെട്ടിടത്തിനുള്ളിൽ തീ നിറഞ്ഞ് രക്ഷാപ്രവർത്തനവും ദുഷ്കരമായിരുന്നെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. തീയിൽ ഷട്ടറുകൾ ചുട്ടുപഴുത്തു. ഷട്ടറുകൾ ദൂരെ മാറി നിന്ന് പൊളിച്ചാണ് അകത്ത് കടന്നു തീയണച്ചത്.
ഫർണീച്ചർ വർക്ക്ഷോപ്പിലെ മെഷനറികളും കത്തിനശിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെചുമരുകളെല്ലാം വിണ്ടുകീറി അപകടാവസ്ഥയിലാണ്. കനത്ത ചൂടിൽ കമ്പികളെല്ലാം ഉരുകിയൊഴുകി. പൊക്കലത്തുള്ള ലിജോ ടി.പോൾ എന്നയാളുടെതാണ് കെട്ടിടം. 20 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് നിഗമനമെന്നു ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
തീപിടുത്തകാരണം വ്യക്തമല്ല. വടക്കഞ്ചേരി, ആലത്തൂർ എന്നിവങ്ങളിൽ നിന്നുള്ള ഫയർഫോഴ്സിന്റെ മൂന്നു യൂണിറ്റെത്തി രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തകാരണം വ്യക്തമല്ല. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ലൂക്കോസ് തോമസ്, ദുൽക്കർ നൈനി, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ രതീഷ്, രാഗിൻ, സുരേഷ്കുമാർ, ഫയർ ഓഫീസർമാരായ നിതീഷ്, ധനേഷ്, സുധീന്ദ്രൻ, ബിജോയ്, കൃഷ്ണപ്രസാദ്, നിഷാഹ്, പ്രശാന്ത്, സുഭാഷ്, രജീഷ്, അനീഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.