വനംവകുപ്പിന്റെ പീഡനം; ആത്മഹത്യ ചെയ്ത ഓടംതോട് സജീവന്റെ വീട് അനാഥം
1396548
Friday, March 1, 2024 1:57 AM IST
മംഗലംഡാം: വനംവകുപ്പിന്റെ പീഡനത്തെതുടർന്ന് ആത്മഹത്യ ചെയ്ത ഓടംതോട് കാനാട്ട് വീട്ടിൽ സജീവന്റെ (54) വീട് ഇന്നു ശൂന്യമാണ്.
ഭർത്താവിന്റെ മരണത്തെതുടർന്ന് ഭാര്യ ജിഷയും മക്കളായ സൂര്യയും അനന്ദുവും മേലുകാവിലുള്ള അവരുടെ വീട്ടിലേക്കു താമസം മാറി. വീട് പൂട്ടിയിട്ടു.
വന്യമൃഗങ്ങളുടെ ആക്രമണത്തിനൊപ്പം വനംവകുപ്പിന്റെ ക്രൂരത കൂടിയാകുമ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തതിന്റെ മറ്റൊരു രക്തസാക്ഷിയാണ് സജീവ്. 2023 സെപ്റ്റംബറിലായിരുന്നു മരണം.
ഇതിന് ഒരുമാസം മുമ്പ് ഓടംതോട് പടങ്ങിട്ടതോട്ടിലെ റബർതോട്ടത്തിൽ ഒരു പുലിയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് സജീവനെ വനംവകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം ചോദ്യംചെയ്യലിനും മാനസിക പീഡനത്തിനും ഇരയാക്കി.
നിരപരാധിയായ സജീവന് ഇത്തരം ചോദ്യംചെയ്യലുകളും ഭീഷണികളും സഹിച്ചു പിടിച്ചുനിൽക്കാനായില്ല.
തന്റെ നിസഹായാവസ്ഥ പലരോടും സജീവൻ പറയുകയും ചെയ്തിരുന്നു.തുടർന്നായിരുന്നു തോട്ടത്തിൽവച്ച് വിഷം കഴിച്ച് സജീവ് ആത്മഹത്യ ചെയ്തത്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് സജീവൻ ആത്മഹത്യ ചെയ്യാൻ കാരണമായതെന്നു ചൂണ്ടിക്കാട്ടി മൃതദേഹവുമായി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ അന്നു നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. സജീവന്റെ മരണം സംബന്ധിച്ച് വിജിലൻസ് അന്വേഷണവും പിന്നീട് പ്രഖ്യാപിച്ചു.
സജീവന്റെ മരണത്തിന് ഉത്തരവാദി വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിലായിരുന്നു കെ.ഡി. പ്രസേനൻ എംഎൽഎ വഴി വകുപ്പുമന്ത്രിയെ കണ്ട് വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ടത്.