കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി സംസ്ഥാന സർക്കാർ ഇടപെട്ടിട്ടില്ലെന്നു വി.കെ. ശ്രീകണ്ഠന് എംപി
1396397
Thursday, February 29, 2024 6:48 AM IST
പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി കേരള സര്‍ക്കാര്‍ ഒരു തരത്തിലും ഇടപെടല്‍ നടത്തിയിട്ടില്ലെന്നു വി.കെ. ശ്രീകണ്ഠന് എംപി.
കോച്ച് ഫാക്ടറിക്കായി ലോകസഭയില്‍ 14 തവണ രേഖാമൂലം ഇടപെട്ടു. തെരഞ്ഞെടുപ്പു കാലത്ത് കോച്ച് ഫാക്ടറി വിഷയത്തില്‍ ബിജെപിയും സിപിഎമ്മും നടത്തുന്നതു വില കുറഞ്ഞ രാഷ്ട്രീയമാണെന്നും എംപി പത്രസമ്മേളനത്തില്‍ പറഞ്ഞു.കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുന്നതിനായി എംപിയായി സത്യപ്രതിജ്ഞ ചെയ്തതുമുതല് നിരന്തരം ഇടപെട്ടു.
എന്നാല്‍ മാറിവന്ന കേന്ദ്ര റെയില്‍വെ മന്ത്രിമാര്‍ അവ്യക്തമായ മറുപടിയാണ് നല്‍കിയത്. കോച്ച് ഫാക്ടറിയില്ലെങ്കില്‍ കോച്ച് മെയ്ന്റനന്‍സ് ഫാക്ടറി ആരംഭിക്കണമെന്ന നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.
കോച്ച് ഫാക്ടറി കേരളത്തിന്റെ ആവശ്യമായി അജണ്ടയില്‍ ഉള്‍പ്പെടുത്തുകയോ കേന്ദ്രത്തോടു ആവശ്യപ്പെടാനോ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും മുടന്തന്‍ ന്യായങ്ങള്‍ നിരത്തുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരാവട്ടെ കേന്ദ്രത്തിനൊപ്പം നില്‍ക്കുകയും ചെയ്തു. ഇടതുമുന്നണി എട്ടുവര്‍ഷക്കാലം ഭരണം നടത്തിയിട്ടും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ പത്തുവര്‍ഷം പിന്നിടുമ്പോഴും കോച്ച് ഫാക്ടറിയെക്കുറിച്ച് ശബ്ദം ഉയര്‍ത്തിയിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കോച്ച് ഫാക്ടറിക്കായി സ്ഥലം കണ്ടെത്തുകയും റെയില്‍വേക്ക് കൈമാറുകയും ചെയ്തത്.
ബജറ്റില്‍ കോച്ച് ഫാക്ടറിക്കായി ടോക്കണ്‍ തുക നീക്കിവച്ചതുപോലും മറന്നുപോയാണ് ബിജെപിയും എല്‍ഡിഎഫും രംഗത്തിറങ്ങിയിരിക്കുന്നതെന്നും വി.കെ. ശ്രീകണ്ഠന് ആരോപിച്ചു.
പാലക്കാടിനായി കാര്‍ഷിക പാക്കേജ് കേരളത്തിന്റെ ആവശ്യമായി കേന്ദ്രത്തില്‍ അവതരിപ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി അജണ്ട പോലുമാക്കിയില്ല. റെയില്‍വേക്കായി ഏറ്റെടുത്ത ഭൂമി തിരിച്ചുതരണമെന്നു കേന്ദ്രത്തിനോടു കേരളം ആവശ്യപ്പെട്ടിരിക്കുകയാണ്.
സിപിഎം സമര നാടകം കളിക്കുകയാണെന്നും കേന്ദ്രത്തിന്റെ രാഷ്ട്രീയ അവഗണനക്കു കുടപിടിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി.കെ. ശ്രീകണ്ഠന് എംപി കൂട്ടിച്ചേര്‍ത്തു.
40 ഇടങ്ങളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഏർപ്പെടുത്തി: എംപി
പാലക്കാട്: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്ലാത്ത 40 സ്ഥലങ്ങളില്‍ കണക്ടിവിറ്റിയെത്തിക്കാനുളള നടപടി സ്വീകരിച്ചതായി വി.കെ. ശ്രീകണ്ഠന് എംപി.
ഇന്റർനെറ്റ് കണക്ടിവിറ്റിയില്ലാത്ത 19 ഊരുകള്‍ അട്ടപ്പാടിയിലാണ്. ഇവിടെ ടവര്‍ നിര്‍മാണം ആരംഭിച്ചെന്നും എംപി പറഞ്ഞു. ജില്ലയിലെ 40 പ്രദേശങ്ങളിലാണ് കണക്ടിവിറ്റിയില്ലാത്തത്. ഇതില്‍ നെല്ലിയാമ്പതി, പറമ്പിക്കുളം തുടങ്ങിയ ഭാഗങ്ങളും ഉള്‍പ്പെടുന്നുണ്ട്. കണക്ടിവിറ്റി പരിഹരിക്കാനുള്ള നിര്‍മാണ നടപടികള്‍ ആരംഭിച്ചു. അഞ്ചിടങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന്റെയും ഒരിടത്ത് വനംവകുപ്പിന്റെയും ഇടപെടല്‍ കാരണം നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
വൈകാതെ തന്നെ ഇതിനും പരിഹാരം കാണും. കോവിഡ് സമയത്ത് എംപി ഫണ്ട് ഉപയോഗിച്ച് അട്ടപ്പാടിയിലെ ചില ഊരുകളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒലവക്കോട് മേഖലയിലെ പുലി പ്രശ്നം പരിഹരിക്കുന്നതിന്നായി കാടുപിടിച്ചു കിടക്കുന്ന റെയില്‍വെ ഭൂമിയിലെ അടിക്കാട് വെട്ടാന്‍ റെയില്വെയോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.