ജില്ലയിൽ രണ്ടാം വിളയിൽ സംഭരിച്ചത് 3169 ടൺ നെല്ല്
1395381
Sunday, February 25, 2024 6:29 AM IST
പാലക്കാട്: ജില്ലയിൽ ഇതുവരെ 2023- 24 രണ്ടാം വിളയിൽ 3169.853 മെട്രിക് ടണ് നെല്ല് സംഭരിച്ചതായി പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. 58,862 കർഷകരാണ് ആകെ രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. 2022-23 രണ്ടാം വിള നെല്ല് സംഭരിച്ച കർഷകരിൽ പിആർഎസ് തുക കൈപ്പറ്റാത്ത 1218 കർഷകർക്ക് 8.32 കോടി രൂപ നൽകാനുണ്ട്. മരണപ്പെട്ടവർ, മൈനർ, എൻആർഐ വിഭാഗത്തിൽ വരുന്നവർക്ക് അവർ രജിസ്റ്റർ ചെയ്ത അക്കൗണ്ടിലേക്ക് നേരിട്ട് ഫണ്ട് നൽകുന്നുണ്ട്.
ഇനിയും തുക കൈപ്പറ്റാൻ താത്പര്യമുള്ള കർഷകർക്ക് എസ്ബിഐ, കാനറാ ബാങ്ക് വഴി തുക അനുവദിച്ചു കൊടുക്കും. 2023-24 ഒന്നാം വിളയുടെ തുക വിതരണം നടന്നുകൊണ്ടിരിക്കുന്നു. 80 ശതമാനം കർഷകർക്കും പിആർഎസ് ആയി തുക അനുവദിച്ചു. ശേഷിക്കുന്ന 20 ശതമാനം കർഷകർ ബാങ്കിനെ സമീപിക്കണമെന്നും പാഡി മാർക്കറ്റിംഗ് ഓഫീസർ പറഞ്ഞു.
കർഷകർക്ക് നെല്ലിന്റെ വില വേഗത്തിൽ ലഭ്യമാക്കണമെന്ന എംഎൽഎമാരായ കെ. ബാബു, എ. പ്രഭാകരൻ, കെ.ഡി. പ്രസേനൻ, മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി വിനോദ് ബാബു എന്നിവർ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഭരണതുകയുടെ നിലവിലെ സ്ഥിതി വിശദമാക്കിയത്.
വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഫയർ ഓഡിറ്റിനുളള നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അമിതമായ ചൂടും മറ്റും മൂലം ഷോർട്ട് സർക്യൂട്ട് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം ഫയലുകളും മറ്റും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവരുതെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജലക്ഷാമം മുന്നിൽ കണ്ട് നടപടികൾ സ്വീകരിക്കണമെന്ന് യോഗം വിലയിരുത്തി.
മീങ്കര ഡാമിൽ കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ ജലം ഉറപ്പാക്കണമെന്ന് രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. പറന്പിക്കുളം-ആളിയാർ ഡാമിൽനിന്നും അർഹതപ്പെട്ട വെള്ളം ലഭിക്കുന്നതിനായി സർക്കാർതലത്തിലും ജില്ലാതലത്തിലും ഇടപെടലുകൾ നടത്തേണ്ടതാണെന്ന് യോഗം വിലയിരുത്തി.
കുന്നങ്കാട് കൊന്നക്കൽ കടവ് ബി.എം ആൻഡ് ബി.സി റോഡ് നിർമാണം ആരംഭിക്കുന്നതിന് ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കണമെന്ന് കെ.ഡി പ്രസേനൻ എംഎൽഎ ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് നിർത്തിവച്ച പാലക്കുഴി കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണമെന്നും എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. കടുകുമണ്ണ, മുരുഗള ഉൗരുകളിലെ 17 വീടുകളിൽ വൈദ്യുതീകരണം പൂർത്തീകരിക്കാനുണ്ട്.
മീനാക്ഷിപുരം ഐടിഐ പ്രവൃത്തി പൂർത്തീകരണ ഘട്ടത്തിലാണെന്നും മാർച്ച് ഒന്നോടെ ഉദ്ഘാടനം നടത്താൻ സാധിക്കുമെന്നും പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
പട്ടാന്പി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിലേക്കുള്ള 8 ഡയാലിസിസ് മെഷീനുകൾക്കും അഞ്ച് എയർ കണ്ടീഷണറുകൾക്കും സപ്ലൈ ഓർഡർ നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. തുപ്പനാട്-മീൻവല്ലം റോഡ് ടാറിംഗ് പൂർത്തീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
തൃത്താല പ്രദേശത്തെ ലൈസൻസില്ലാത്ത വൈദ്യശാലകളിൽ മദ്യം വിൽക്കുന്നു എന്ന പരാതിയിൽ കേസെടുത്തു റിപ്പോർട്ട് കൊടുത്തതായി പോലീസ് അറിയിച്ചു. ഉഴവുകൂലി കൃത്യമായി കർഷകർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കെ. ബാബു എംഎൽഎ പറഞ്ഞു.
യോഗത്തിൽ എംഎൽഎമാരായ കെ.ഡി. പ്രസേനൻ, എ. പ്രഭാകരൻ, കെ. ബാബു, മുഹമ്മദ് മുഹ്സിൻ, മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി പി. മാധവൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത, അസിസ്റ്റന്റ് കളക്ടർ ഒ.വി. ആൽഫ്രഡ്, വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.