പിടിച്ചെടുത്ത വാഹനങ്ങൾ തുരുന്പെടുക്കുന്നു
1394808
Friday, February 23, 2024 1:20 AM IST
കൊല്ലങ്കോട്: വിവിധ അപകടങ്ങളിലും കേസുകളിലും ഉൾപ്പെട്ട വാഹനങ്ങൾ വർഷങ്ങളായി തുരുന്പെടുക്കുന്നു.
കൊല്ലങ്കോട് പോലീസ് സ്റ്റേഷൻ കോന്പൗണ്ടിലാണ് ഈ ദുരിതക്കാഴ്ച.
വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നില്ല. വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ വാഹനങ്ങളിൽ എത്തുന്നവർക്കു പാർക്കിംഗിനു പോലും സൗകര്യമില്ലാത്ത അവസ്ഥയുള്ളപ്പോഴാണ് വഴിമുടക്കികളായി പിടിച്ചെടുത്ത വാഹനങ്ങൾ കെട്ടിക്കിടക്കുന്നത്.
ഇത്തരം വാഹനങ്ങൾ നീക്കം ചെയ്യാൻ കോടതി വ്യവഹാരങ്ങൾ പൂർത്തിയാവണമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്ന തടസവാദം. സ്റ്റേഷനു മുന്നിലെ റോഡിനു വീതി കുറവായതിനാൽ ഇരുചക്ര വാഹനങ്ങൾ പോലും നിർത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.
സ്റ്റേഷനിലെ മുപ്പത്തിയഞ്ചോളം ജീവനക്കാരുടെ ഇരുചക്ര വാഹനം പാർക്കു ചെയ്യാനും ഏറെ അസൗകര്യമുണ്ട്.
ദീർഘകാലമായി കോമ്പൗണ്ടിൽ കിടക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണുയരുന്നത്.