അയ്യൻവീട്ടുചള്ളയിൽ മൂന്നര ഏക്കർ നെൽകൃഷി പന്നിക്കൂട്ടം നശിപ്പിച്ച നിലയിൽ
1394499
Wednesday, February 21, 2024 5:46 AM IST
വണ്ടിത്താവളം : കതിരിട്ട നെൽപ്പാടത്ത് പന്നിക്കൂട്ടം ഇറങ്ങി ഉഴുതുമറിച്ച് നശിപ്പിച്ചു. അയ്യൻവീട്ടുചള്ള പാടശേഖരസമിതി അംഗം കാശുവിന്റെ മൂന്നര ഏക്കറിലാണ് സർവനാശം വരുത്തിയിരിക്കുന്നത്.
രാത്രി ഉറക്കമൊഴിച്ച് കാവലിരുന്ന് പടക്കം പൊട്ടിച്ചിട്ടും പന്നികൾ വീണ്ടും പാടത്തിറങ്ങുകയാണ്. കതിരിട്ടതോടെ മയിലുകളും കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
പന്നിക്കൂട്ടം നശിപ്പിച്ചാൽ വനം വകുപ്പിൽ നിന്നും നീണ്ട കാത്തിരിപ്പിനുശേഷം ലഭിക്കുന്ന ധനസഹായമാവട്ടെ 2000 രൂപ മാത്രമാണ്.
വനംവകുപ്പ് ജീവനക്കാരെ എത്തിച്ച് കൃഷിനാശം അന്വേഷിച്ച് തിരിച്ചെത്തിക്കേണ്ടതും കർഷകന്റെ ബാധ്യതയായിരിക്കുകയാണ്.
കർഷകർ ഇത്തരത്തിൽ ബാധ്യത ഏറ്റെടുത്തില്ലെങ്കിൽ വാഹന സൗകര്യമില്ലെന്ന് ജീവനക്കാർ സംഭവ സ്ഥലത്തൊറുമില്ലെന്നതാണ് കർഷകരുടെ വിലാപം. കൃഷിനാശം ഉണ്ടാക്കുന്ന പന്നികളെ കൊല്ലാൻ വനം വകുപ്പ് പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇതും ഫലപ്രദമാവുന്നില്ല. പഞ്ചായത്തിൽ ലൈസൻസുള്ള തോക്കുടമകൾ വിരളമാണ്.