വടക്കഞ്ചേരി ടൗണിൽ കെഎസ്ആർടിസി ബസുകൾക്ക് നിശ്ചിത സ്റ്റോപ്പ് ഏർപ്പെടുത്തണം
1394209
Tuesday, February 20, 2024 6:56 AM IST
വടക്കഞ്ചേരി: തൃശൂർ ഭാഗത്തേക്കും പാലക്കാട് ഭാഗത്തേക്കും വടക്കഞ്ചേരി വഴി കടന്നു പോകുന്ന കെഎസ്ആർടിസി ബസുകൾക്കെല്ലാം ടൗണിൽ നിശ്ചിത സ്ഥലത്ത് സ്റ്റോപ്പ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം. ഇപ്പോൾ പല വഴിക്കാണ് കെഎസ്ആർടിസി ബസുകൾ പോകുന്നത്. ഇതിനാൽ എവിടെ നിന്നാൽ ബസ് കിട്ടും എന്ന് പറയാനാകില്ല. യാത്രക്കാർ ബാഗുകളും മറ്റു ഭാരങ്ങളുമായി അങ്ങോട്ടുമിങ്ങോട്ടും ഓടേണ്ട സ്ഥിതിയാണിപ്പോൾ.
ചില ബസുകൾ ടൗണിലേക്ക് പ്രവേശിക്കാതെ മേൽപ്പാലം വഴി പായും. മറ്റു ചിലത് റോയൽ ജംഗ്ഷനിലെ സർവീസ് റോഡ് കടന്ന് പോകും. ചില ബസുകൾ ടൗണിലൂടെ ചെറുപുഷ്പം ജംഗ്ഷൻ വഴിയും പോകുന്നുണ്ട്. ഇതിൽ ഏതെല്ലാം ബസുകൾ ഏത് വഴി വരുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. പല വഴിക്കുള്ള ബസുകളുടെ ഓട്ടം രാത്രികാലങ്ങളിലാണ് യാത്രക്കാരെ ഏറെ കഷ്ടപ്പെടുത്തുന്നത്.
വെളിച്ചമോ ആളുകളോ ഇല്ലാത്ത സ്ഥലത്ത് യാത്രക്കാരെ ഇറക്കി വിടുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. സ്ത്രീകൾ മാത്രമാണെങ്കിലും ഇതാണ് ചെയ്യുന്നത്. രാത്രി ഏഴോ എട്ടോ കഴിഞ്ഞാൽ പിന്നെ എല്ലാ കെഎസ്ആർടിസി ബസുകളും തങ്കം ജംഗ്ഷനിൽ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും വേണമെന്നാണ് ആവശ്യം.
ഇവിടെ നായനാർ ഹോസ്പിറ്റൽ അടുത്തുള്ളതിനാൽ അർധരാത്രിയിലും ആളുകളും വെളിച്ചവും ഉണ്ട്. കുടുംബമായോ സ്ത്രീകൾ തനിച്ചോ ഇവിടെ വന്ന് ഇറങ്ങിയാലും പേടിക്കാതെ നിൽക്കാം. ഡ്രൈവർമാർക്ക് കാണാവുന്ന വിധം കെഎസ്ആർടിസി സ്റ്റോപ്പ് എന്ന ബോർഡ് കൂടി സ്ഥാപിച്ചാൽ യാത്രക്കാർ നെട്ടോട്ടമോടുന്ന പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.