ഒറ്റപ്പാലം സാംസ്കാരിക നിലയത്തിന് 22 ന് തറക്കല്ലിടും
1394206
Tuesday, February 20, 2024 6:56 AM IST
ഒറ്റപ്പാലം: നഗരസഭാ സാംസ്കാരിക നിലയം ഒറ്റപ്പാലത്ത് യാഥാർഥ്യമാകുന്നു. ഈ മാസം 22ന് പദ്ധതിക്ക് തറക്കല്ലിടും. 5 കോടി 38 ലക്ഷം രൂപ വിനിയോഗിച്ച് 21000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കിഴക്കേ തോടിന് സമീപം മൂന്നുനില കെട്ടിടം നിർമിക്കുന്നത്. പദ്ധതിയുടെ ശിലാസ്ഥാപനം മന്ത്രി എം.ബി. രാജേഷ് 22 ന് വൈകുന്നേരം അഞ്ചിന് നിർവഹിക്കും.
ഒറ്റപ്പാലം മാർക്കറ്റ് കോംപ്ലക്സ് പരിസരത്തു വെച്ചാണ് പരിപാടി. സംഘാടകസമിതി യോഗം നഗരസഭ കോൺഫറൻസ് ഹാളിൽ നടന്നു. നിർമാണ ഉദ്ഘാടനം വിവിധങ്ങളായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ. ജാനകിദേവി ഉദ്ഘാടനം ചെയ്തു.