വന്യജീവി ആക്രമണം: സുരക്ഷാ നടപടികളെടുക്കാൻ മന്ത്രിയുടെ നിർദേശം
1394204
Tuesday, February 20, 2024 6:56 AM IST
പാലക്കാട്: ജില്ലയിലെ വന്യജീവി ആക്രമണ പ്രതിരോധവുമായി ബന്ധപ്പെട്ട് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ ഡിഎഫ്ഒ മാരെ ഉൾപ്പെടുത്തി അടിയന്തര യോഗം ചേർന്നു.
കഴിഞ്ഞ ദിവസം പുലിയിറങ്ങി പശുവിനെ കടിച്ചുകൊന്ന മലന്പുഴ അയ്യപ്പൻപൊറ്റയിൽ ഇന്നലെ വൈകുന്നേരത്തോടെ കൂട് സ്ഥാപിക്കുന്നതിന് മന്ത്രി പാലക്കാട് ഡിഎഫ്ഒയ്ക്ക് നിർദേശം നൽകി. ഇതിനായി വാളയാർ റേഞ്ചിൽ നിന്ന് കൂട് എത്തിക്കാനുള്ള നടപടികൾ അടിയന്തര പ്രാധാന്യത്തോടെ ആരംഭിച്ചു.
പുലിയിറങ്ങിയ അകത്തേത്തറ ധോണിയിൽ നേരത്തേ തന്നെ കൂട് സ്ഥാപിച്ചിട്ടുണ്ട്. പുലിയെ തിരിച്ചറിഞ്ഞാലുടൻ തുടർ നടപടികളിലേക്ക് നീങ്ങും. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി വേഗത്തിൽ ലഭിക്കുന്നതിന് സർക്കാർ തലത്തിൽ ഇടപെടലുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. മയക്കുവെടി വെക്കുന്നതിനാവശ്യമായ സൗകര്യങ്ങളുണ്ടെന്ന് ഡിഎഫ്ഒമാർ ഉറപ്പാക്കണം. മയക്കുന്നതിനാവശ്യമായ മരുന്നും വെറ്ററിനറി സർജന്റെ സേവനവും ഉറപ്പാക്കണം. റാപ്പിഡ് റെസ്ക്യൂ ടീമിന്റെ (ആർആർടി) സേവനം 24 മണിക്കൂറും ലഭ്യമാക്കണം. ആവശ്യമെങ്കിൽ റബർ ബുള്ളറ്റുകൾ ലഭ്യമാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് മന്ത്രി നിർദേശം നൽകി. പോലീസിന്റെ ഭാഗത്തു നിന്നുള്ള സഹകരണം ജില്ലാ പോലീസ് മേധാവി ഉറപ്പുനൽകി.
ഉപേക്ഷിക്കപ്പെട്ട റബർ, തേയില എസ്റ്റേറ്റുകളിൽ അടിക്കാട് വെട്ടിത്തെളിക്കുന്നതിന് തൊഴിലുറപ്പു തൊഴിലാളികളുടെ സേവനം ഉപയോഗിക്കുന്നതിന് ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര നിർദേശിച്ചു. വന്യജീവികൾക്ക് കാടിനുള്ളിൽ ജലലഭ്യത ഉറപ്പാക്കാൻ നടപടി വേണം. വനാതിർത്തിയിൽ മാംസാവശിഷ്ടങ്ങളും മാലിന്യവും തള്ളുന്നത് തടയാൻ പഞ്ചായത്തുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തണം. സാധ്യമായ ഇടങ്ങളിൽ ക്യാമറ സ്ഥാപിക്കണം.
മലന്പുഴ ഡാം റിസർവോയറിൽ പൊതുജനം ഇറങ്ങുന്നത് തടയാൻ വേലിയും കാമറകളും സ്ഥാപിക്കണമെന്ന് എ. പ്രഭാകരൻ എംഎൽഎ നിർദേശിച്ചു. സംസ്ഥാനതലത്തിൽ വന്യജീവികളുടെ എണ്ണം സംബന്ധിച്ച് സർവേ നടത്തുന്നതിന്റെ സാധ്യത അന്വേഷിക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. മനുഷ്യ ജീവിതം അപകടത്തിലാവാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി. ബിജു, പാലക്കാട് ഡിഎഫ്ഒ ജോസഫ് തോമസ്, മണ്ണാർക്കാട് ഡിഎഫ്ഒ സി. അബ്ദുൾ ലത്തീഫ്, നെന്മാറ ഡിഎഫ്ഒ പി. പ്രവീണ്, മലന്പുഴ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ജി. മോഹൻ, മറ്റുദ്യോഗസ്ഥർ പങ്കെടുത്തു.