സ്നേഹത്തിന്റെ കൈത്താങ്ങുമായി കുട്ടികളുടെ സന്ദർശനം
1394203
Tuesday, February 20, 2024 6:56 AM IST
ഒറ്റപ്പാലം: ജന്മനാ അംഗവൈകല്യം സംഭവിച്ച കുഞ്ഞുങ്ങളുടെ അഭയകേന്ദ്രമായ ചിറ്റടി അനുഗ്രഹ ഭവനിൽ സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും കൈത്താങ്ങുമായി ഒറ്റപ്പാലം സെന്റ് ജോസഫ് പള്ളി സണ്‍ഡേ സ്കൂൾ കുട്ടികളും അധ്യാപകരും സന്ദർശനം നടത്തി.
ജീവിതത്തിൽ ഇന്നേവരെ പുറംലോകം കണ്ടിട്ടില്ലാത്ത കിടന്ന കിടപ്പിൽ കഴിയുന്ന കുഞ്ഞുങ്ങൾക്ക് ഏറെ അനുഗ്രഹമായിരുന്നു ഈ സൗഹൃദ സന്ദർശനം. കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളെ സഹായിക്കണമെന്ന ആപ്തവാക്യവുമായി സന്ദർശനം നടത്തിയ കുട്ടികൾ അവിടുത്തെ അന്തേവാസികളായ കുഞ്ഞുങ്ങളുമായി വിശേഷങ്ങളും കുഞ്ഞു നൊന്പരങ്ങളും കൈമാറി.
ദിവസങ്ങളായി കുട്ടികൾ തന്നെ സമാഹരിച്ച തുക കൈമാറിയാണ് സ്നേഹം പങ്കുവെച്ചത്. സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് ലാലോ ബേർളി, അധ്യാപകരായ ജൂനി ജോഫി, സിസ്റ്റർ മരിയ, ആതിര ഷാജി, ജാലിൻ ജെയിംസ് സിസ്റ്റർ ടെസി മരിയ, റോസിലിൻ സെബാസ്റ്റ്യൻ, ജിൻസി വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ അനുഗ്രഹ ഭവൻ സന്ദർശിച്ചത്.