മാലിന്യ സംസ്കരണ രംഗത്ത് യുവജനങ്ങളുടെ ഇടപെടൽ മാറ്റം കൊണ്ടുവരുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
1393887
Monday, February 19, 2024 1:21 AM IST
പാലക്കാട്: മാലിന്യ സംസ്കരണ രംഗത്തു യുവജനങ്ങളുടെ ഇടപെടൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ.
ഹരിതകർമ സേനയ്ക്കൊപ്പം യുവത കൈകോർക്കുന്നു എന്ന കാന്പയിൻ കൊടുന്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു .
യുവതയെ കൂട്ടാതെ സമൂഹത്തിൽ മാറ്റം ഉണ്ടാക്കിയെടുക്കാൻ സാധിക്കില്ല. സമൂഹത്തിന്റെ നാളത്തെ കരുത്ത് യുവതയാണ്.
നാട്ടിൽ വൃത്തിഹീനമായി കിടക്കുന്ന പ്രദേശങ്ങൾ വൃത്തിയുള്ളതായി മാറ്റിയെടുക്കാൻ ശ്രമിക്കണം. വീടുകളിൽ എത്തുന്ന ഹരിതകർമ സേനാംഗങ്ങളോടു കുടുംബാംഗങ്ങളുടെ സമീപനം, അവരോടു സമൂഹം ഇടപെടുന്ന രീതി എന്നിവയെല്ലാം അറിയാനുള്ള അവസരം കൂടിയാണിത്.
ഹരിതകർമ സേനാംഗങ്ങൾക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും യൂസർ ഫീയും കൊടുക്കാൻ തയാറാകാത്ത വീട്ടുകാർ അത് യുവാക്കളിലൂടെ ചെയ്തു തുടങ്ങുന്പോൾ അതിലൂടെ സമൂഹത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. തുടർന്ന് വോളന്റിയർമാർ ഹരിതകർമ സേനാംഗങ്ങൾക്കൊപ്പം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വാതിൽപ്പടി ശേഖരണത്തിൽ ഏർപ്പെടുകയും പൊതുജനങ്ങളുമായി സംവദിക്കുകയും ചെയ്തു.
ശേഷം ശേഖരിച്ച അജൈവ വസ്തുകൾ തരം തിരിക്കുന്ന പ്രവർത്തനങ്ങളും കണ്ടു മനസിലാക്കി. പങ്കെടുത്ത മുഴുവൻ വോളന്റിയർമാർക്കും സർട്ടിഫിക്കറ്റും നൽകി.
കൊടുന്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ശാന്ത അധ്യക്ഷയായ പരിപാടിയിൽ ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി. വരുണ്, കൊടുന്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗുരുവായൂരപ്പൻ, എൽഎസ്ജിഡി അസിസ്റ്റന്റ് ഡയറക്ടർ ഹമീദ ജലീസ, മാലിന്യമുക്തം നവകേരളം ജില്ലാ കാന്പയിൻ കോ-ഓർഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ, കുടുംബശ്രീ ഡിപിഎം ചിന്തു മാനസ്, ക്ലീൻ കേരള കന്പനി ജില്ലാ മാനേജർ ആദർശ് ആർ. നായർ, കെഎസ്ഡബ്ല്യുഎംപി സോഷ്യൽ ആൻഡ് കമ്മ്യൂണിക്കേഷൻ എക്സ്പർട്ട് സീന പ്രഭാകർ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ എ. ഷെരീഫ്, വിവിധ വകുപ്പുദ്യോഗസ്ഥർ, വിദ്യാർഥികൾ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.