വേനൽച്ചൂടിനെ വെല്ലാൻ...പനംനൊങ്ക് വില്പന പൊടിപൊടിച്ച് ലക്ഷ്മിയും
1393886
Monday, February 19, 2024 1:21 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ടൗണിൽ മെയിൻ റോഡിൽ ബസ് സ്റ്റാൻഡിനു സമീപം ശിവരാമപാർക്കിനു മുന്നിൽ കരിമ്പന നൊങ്ക് വില്പനയുമായി ലക്ഷ്മിക്ക് തിരക്കൊഴിഞ്ഞ സമയമില്ല.
പനം നാളികേരത്തിൽ നിന്നും നൊങ്ക് വെട്ടി വേർതിരിച്ചെടുക്കണം. സൂക്ഷ്മതയോടെ ചെയ്യേണ്ട ജോലിയാണ്. 12 എണ്ണത്തിന് 100 രൂപയാണ് വില.
അപ്പപ്പോൾ വെട്ടി കൊടുക്കുന്നതിനാൽസ്വഭാവിക രുചിയും നൊങ്കിനുണ്ടാകും. വാഹനത്തിൽ എത്തിക്കുന്ന പനങ്കുലകൾ ആവശ്യക്കാർക്ക് അപ്പോൾ തന്നെ വെട്ടി കൊടുക്കുകയാണു ചെയ്യുന്നത്.
വർഷങ്ങളായി വേനൽ സീസണിൽ പനനൊങ്ക് വില്പനയുമായി ലക്ഷ്മി എത്താറുണ്ട്. കൊഴിഞ്ഞാമ്പാറയിലാണ് ലക്ഷ്മിയുടെ വീട്.
അതിരാവിലെ വീട്ടിലെ ആണുങ്ങളാണ് പനയിൽ കയറി കുല വെട്ടിയിറക്കുക. ഓരോ കുലകളും കയറിൽ കെട്ടിയിറക്കണം. അതല്ലെങ്കിൽ നിലത്ത് വീണ് പൊളിഞ്ഞു് കേടുവരും. ഉയരം കൂടിയ പനയിൽ കയറുന്നത് തന്നെ പ്രയാസകരമാണ്.
പനപട്ടകളിൽ ബ്ലെയ്ഡ് പോലെ ഇരുഭാഗത്തും മുള്ളായതിനാൽ മുകളിൽ കയറി കുലയിൽ കയർ കെട്ടി ഇറക്കാനും വൈദഗ്ധ്യം വേണം. പനകൾ കൂടുതലുള്ള പൊള്ളാച്ചിയിൽ നിന്നാണ് ഇത് കൊണ്ടു വരുന്നത്. വേനലിൽ കഴിക്കാവുന്ന ഏറ്റവും ഗുണമേന്മയേറിയ ഭക്ഷണ സാധനമാണ് പനനൊങ്കെന്ന് ലക്ഷ്മി പറയുന്നു.
കൃത്രിമ പാനിയങ്ങൾക്കും ബേക്കറി സാധനങ്ങൾക്കുമെല്ലാം നല്ലത് പന നൊങ്കാണെന്ന് പ്രായമായവരും സമ്മതിക്കും. പക്ഷെ, ഓരോ വർഷവും കരിമ്പനകൾ കുറഞ്ഞു വരുന്നത് ഈ തൊഴിലിനും ഭീഷണിയാണെന്ന് ലക്ഷ്മി പറയുന്നു.
പനയിൽ കയറാനും ആളെ കിട്ടാതായി. കൃത്രിമപാനീയങ്ങളും ഭക്ഷണ സാധനങ്ങളുമെല്ലാം ഭക്ഷ്യവിഷബാധപോലെ അപകടകരമായപ്പോൾ പ്രകൃതിദത്ത ഭക്ഷ്യ ഉൽപന്നങ്ങളോടായി ആളുകൾക്ക് പ്രിയം.
ഇതിനാൽ നാടൻ ഇനങ്ങൾക്കാണ് ഇപ്പോൾ ഡിമാൻഡ്. തനി നാടൻ എന്നുപറഞ്ഞ് തമിഴ്നാട് ഉൽപന്നങ്ങൾ വിറ്റഴിക്കുന്നവരും കുറവല്ല.
എന്നാൽ ചക്കപ്പഴം, പനംനൊങ്ക്, കാട്ടു നെല്ലിക്ക, മൂവാണ്ടൻ മാങ്ങ ,നാടൻ വാഴപഴങ്ങൾ തുടങ്ങിയവക്ക് വില കൂടിയാലും ആവശ്യക്കാർ കുറയില്ല.