വരൾച്ച തടയാൻ ജലസേചനം തുടങ്ങി കർഷകർ
1376392
Thursday, December 7, 2023 1:21 AM IST
നെന്മാറ: തുലാവർഷം പിൻവാങ്ങിയതോടെ നെൽപ്പാടങ്ങളിൽ വെള്ളം വറ്റിത്തുടങ്ങിയതിനാൽ പാടത്തേയ്ക്ക് വെള്ളം പമ്പ് ചെയ്ത് കർഷകർ.
കുളം, കിണർ, കുഴൽ കിണറിൽ എന്നിവയിൽ നിന്നും പമ്പു ചെയ്താണ് വെള്ളം എത്തിക്കുന്നത്. പകൽ സമയം ചൂട് കൂടുന്നതിനാൽ നെൽപ്പാടങ്ങളിൽ വെള്ളം പരക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതായി തിരുവഴിയാട് പുത്തൻ തറയിലെ കർഷകനായ കെ. നാരായണൻ പറഞ്ഞു. പോത്തുണ്ടി ഡാമിൽ നിന്നുള്ള കനാൽ വെള്ളമോ ഇടമഴയോ ലഭിച്ചില്ലെങ്കിൽ വലിപ്പം കൂടിയ നെൽപാടങ്ങളിലേയ്ക്ക് വെള്ളം എത്തിക്കുക പ്രയാസകരമായിരിക്കും.
മൂപ്പ് കുറഞ്ഞ നെല്ലിനങ്ങളാണ് വിളയിറക്കിയിരിക്കുന്നതെങ്കിലും ഇനിയും രണ്ടു മാസത്തിലേറെ സമയം വെള്ളം വേണ്ടിവരും എന്നതാണ് കർഷകരുടെ ആശങ്ക.
പോത്തുണ്ടി അണക്കെട്ട് 25 ദിവസത്തിൽ താഴെ ദിവസം വിതരണത്തിനുള്ള വെള്ളമാണ് നിലവിലുള്ളത്. സ്വന്തമായി വെള്ളത്തിന്റെ സ്രോതസുകളും പമ്പ് ചെയ്യാൻ സൗകര്യമില്ലാത്ത കർഷകർ കനാൽ വെള്ളം വരുന്നത് വരെ താല്ക്കാലികമായി സമീപകർഷകരുടെ പമ്പുകളിൽ നിന്ന് കുഴലുകൾ ഇട്ടാണ് നനയ്ക്കുന്നത്.
വേനൽ കൂടുതൽ ശക്തി പ്രാപിച്ചാൽ കുഴൽ ഉപയോഗിച്ചുള്ള നനയ്ക്കലും ഫലപ്രാപ്തിയിൽ എത്താതെ വരുമെന്ന ആശങ്കയും കർഷകർ പങ്കുവച്ചു.