നെല്ലുസംഭരണത്തുക വിതരണത്തിന് കൃഷിഭവനുകളില്‍ ബാങ്കുകളുടെ പിആർഎസ് ക്യാമ്പ്
1375184
Saturday, December 2, 2023 2:07 AM IST
പാലക്കാട്: 2023-24 ഒന്നാം വിള നെല്ല് സംഭരിച്ച കര്‍ഷകര്‍ക്ക് സംഭരണത്തുക വേഗത്തില്‍ നല്കുന്നതിനുവേണ്ടി രണ്ട്, നാല്, അഞ്ച് തീയതികളില്‍ ആലത്തൂർ, എലപ്പുള്ളി, എലവഞ്ചേരി, കാവശേരി, കൊല്ലങ്കോട്, കുത്തനൂർ, മേലാർകോട്, പല്ലശന, പട്ടഞ്ചേരി, പെരുങ്ങോട്ടുകുറിശി, തെങ്കുറിശി, വടവന്നൂര്‍, വണ്ടാഴി, ചിറ്റൂര്‍-തത്തമംഗലം, എരിമയൂര്‍, കണ്ണാടി, കൊടുമ്പ്, കൊടുവായൂര്‍, കൊഴിഞ്ഞാമ്പാറ, കുഴല്‍മന്ദം, മങ്കര, മരുതറോഡ്, നെന്മാറ എന്നീ 23 കൃഷിഭവനുകളില്‍ സപ്ലൈകോയുടെ കണ്‍സോര്‍ഷ്യം ബാങ്കുകള്‍ ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നിവയുടെ പ്രതിനിധികള്‍ നേരിട്ടെത്തി ക്യാമ്പ് നടത്തി തുക നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. നെല്ല് സംഭരണത്തില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ ബന്ധപ്പെട്ട രേഖകളുമായി (ഒറിജിനല്‍ പാഡി റസീറ്റ് ഷീറ്റ്, ആധാര്‍ കാർഡിന്റെ പകര്‍പ്പ്, പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ) കൃഷിഭവനുകളില്‍ നേരിട്ടെത്തി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സപ്ലൈകോ അറിയിച്ചു.
ഈ 23 കൃഷിഭവനുകളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത കൃഷിഭവനുകളിലെ കര്‍ഷകര്‍, അധികൃതരുടെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് ബന്ധപ്പെട്ട കണ്‍സോര്‍ഷ്യം ബാങ്കുകളില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കൗണ്ടര്‍ വഴി തുക കൈപ്പറ്റണം. നിലവില്‍ ഈ വര്‍ഷത്തെ നെല്ല് സംഭരണ തുക നല്‍കുന്നത് സപ്ലൈകോയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള കണ്‍സോര്‍ഷ്യം ബാങ്കുകള്‍ ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നിവ വഴി മാത്രമായിരിക്കും.
ഈ ബാങ്കുകളില്‍ നിലവില്‍ അക്കൗണ്ട് ഇല്ലാത്ത കര്‍ഷകര്‍ക്ക് പുതിയ അക്കൗണ്ട് ആരംഭിച്ചു തുക വേഗത്തില്‍ കൈപ്പറ്റാം.