ക്രിസ്മസ് നോമ്പ്; പേത്തൂർത്ത ദിവസം പിടിയും കോഴിക്കറിയും ഒരുക്കി ക്രിസ്ത്യൻ ഭവനങ്ങൾ
1374850
Friday, December 1, 2023 1:36 AM IST
വടക്കഞ്ചേരി: ക്രിസ്മസിന്റെ മുന്നോടിയായി 25 ദിവസത്തെ നോമ്പ് ആരംഭിക്കുന്നതിന്റെ തലേന്നായ ഇന്നലെ പിടിയും കോഴിക്കറിയും ഒരുക്കുന്ന തിരക്കുകളിലായിരുന്നു ക്രിസ്ത്യൻ ഭവനങ്ങളിലെ സ്ത്രീകൾ. വറുത്ത അരിപ്പൊടി കുഴച്ച് ചെറിയ ഉരുളകളുണ്ടാക്കി അത് വേവിച്ചെടുത്ത് കോഴിക്കറിയോ പോത്തിറച്ചി കറിയോ ചേർത്ത് കഴിക്കുന്നതാണ് രീതി. പ്രായമായവരുള്ള വീടുകളിൽ ഈ വിഭവങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്. ജീരകം, വെളുത്തുള്ളി, ചുവന്നുള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ആദ്യം വെള്ളം തിളപ്പിക്കും.
അതിൽ വറുത്ത അരിപ്പൊടിയും തേങ്ങയും ചേർത്ത് ഇളക്കി കുഴയ്ക്കും. കുഴച്ച മാവ് ചെറു നെല്ലിക്കാ വലുപ്പത്തിൽ കുഞ്ഞു ഉരുളകളാക്കും. ഈ ഉരുളകൾ തിളക്കുന്ന വെള്ളത്തിലിട്ടാണ് വേവിച്ചെടുക്കുക. വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് നൂറും ഇരുന്നൂറും ഉരുളകൾ ഉണ്ടാക്കും. ഓരോ നാട്ടിലും ഇതിന്റെ കൂട്ടുകൾക്ക് ചെറിയ വ്യത്യാസങ്ങൾ ഉണ്ടെന്ന് പിടിവിഭവം ഒരുക്കുന്ന തിരക്കിലായിരുന്ന ആരോഗ്യപുരം പട്ടേംപാടം പാറക്കൽ ലിറ്റിബിജു പറഞ്ഞു. നോമ്പ് ആരംഭിക്കുന്നതിന്റെ തലേന്നാണ് ഈ വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുക.
സുറിയാനി ഭാഷയിൽ പേത്തൂർത്ത എന്നാണ് നോമ്പിന്റെ തലേദിവസത്തിന് പറയുക. പരസ്പരം അനുരഞ്ജനപ്പെടുക എന്നതാണ് ഇതിനർഥം. ഇസ്രായേൽ ജനതയെ ഈജിപ്തിന്റെ അടിമത്വത്തിൽ നിന്നും രക്ഷപ്പെടുത്തി കൊണ്ടുപോകുന്നതിനിടെ മരുഭൂമിയിൽ വച്ച് വിശന്നപ്പോൾ ദൈവം മന്നയും കാടപ്പക്ഷിയും ഭക്ഷണമായി നൽകി അവരുടെ വിശപ്പടക്കി.
ഇതിനെ ഓർമിപ്പിക്കുന്നതാണ് പിടിയും കോഴിയും. മന്ന പിടിയായും കാടപക്ഷി കോഴിയായും സങ്കൽപ്പിച്ചാണ് നോമ്പ് തുടങ്ങുന്നതിന്റെ തലേന്ന് ഈ സ്പെഷൽ വിഭവം ഉണ്ടാക്കുന്നത്.