നെന്മാറ നിയോജകമണ്ഡലത്തിലെ മലയോര ഹൈവേ ഇല്ലാതാകുന്നു
1374629
Thursday, November 30, 2023 2:30 AM IST
നെന്മാറ : നെന്മാറ മണ്ഡലത്തിലെ മലയോര ഹൈവേ നിലവിലെ സംസ്ഥാന പാതയിൽ യോജിപ്പിക്കാൻ നീക്കം. മലയോര ഹൈവേ മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാതയിലാണ് ലയിപ്പിക്കുന്നത്. ചിറ്റൂർ മണ്ഡലത്തിലെ കന്നിമാരി വഴി കാമ്പ്രത്ത് ചള്ളയിൽ എത്തുന്ന റോഡാണ് സംസ്ഥാനപാതയിലേക്ക് ലയിപ്പിക്കുന്നത്.
മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയുടെ നവീകരണത്തിന് ഫണ്ടില്ലാത്തതുമൂലം മലയോര ഹൈവേ ഇല്ലാതാക്കി ഈ തുക വക മാറി ഉപയോഗിക്കാനാണ് നീക്കം. കാച്ചാംകുറിശി, പനങ്ങാട്ടിരി, എലവഞ്ചേരി, പോത്തുണ്ടി, കരിമ്പാറ, ഒലിപ്പാറ, മംഗലം ഡാം മേഖലയിലൂടെ ബദൽ റോഡ് പ്രതീക്ഷിച്ചത് ഇല്ലാതായി. ഇതിനായി നിലവിലുള്ള റോഡിലൂടെ നേരത്തെ പ്രാഥമിക സർവേ പൂർത്തിയാക്കിയിരുന്നു.
ഗ്രാമീണ മേഖലയിലൂടെയുള്ള മലയോര ഹൈവേ യാഥാർഥ്യമായാൽ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, അയിലൂർ, വണ്ടാഴി പഞ്ചായത്തുകാർക്ക് മംഗലം ഗോവിന്ദാപുരം പാതയെ ആശ്രയിക്കാതെ കാർഷിക ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള ചരക്ക് കടത്തിനും യാത്രാസൗകര്യത്തിനും ബദൽ മാർഗം ആകുമായിരുന്നു. കൂടാതെ ഈ റോഡ് യാഥാർഥ്യമായാൽ നെല്ലിയാമ്പതി, പോത്തുണ്ടി, മംഗലം ഡാം ടൂറിസം വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യുമായിരുന്നു. കൊല്ലങ്കോട് മേഖലയിലെതുപോലെ ഗ്രാമീണ കാർഷിക ടൂറിസം മേഖലയായി വളരുന്നതിനും വലിയൊരു ഹൈവേ സഹായകരമാകുമായിരുന്നു. വടക്കഞ്ചേരിയിൽ നിന്ന് മുടപ്പല്ലൂർ ചിറ്റിലഞ്ചേരി നെന്മാറ വഴിയുള്ള നെല്ലിയാമ്പതി യാത്രയും റോഡിലെ തിരക്കും ഇതുമൂലം ഒഴിവാക്കാൻ കഴിയും.
ആലത്തൂർ മണ്ഡലത്തിലെ കിഴക്കഞ്ചേരി വണ്ടാഴി പഞ്ചായത്തുകളിൽ മലയോര ഹൈവേ നിലവിൽ മംഗലം ഡാം, അമ്പിട്ടൻ തരിശ്, വാൽകുളമ്പ്, കണച്ചിപ്പരുത വഴി ദേശീയപാതയിലേയ്ക്ക് പണിയാൻ അനുമതിയുണ്ട്. മുതലമട കൊല്ലങ്കോട് എലവഞ്ചേരി അയിലൂർ പഞ്ചായത്തുകളുടെ അനുമതിയില്ലാതെയാണ് ചിറ്റൂരിൽ നിന്നും വരുന്ന പാത നിലവിലെ സംസ്ഥാന പാതയിലേക്ക് യോജിപ്പിച്ച് നിർമിക്കാൻ ശ്രമിക്കുന്നത്. ഈ പഞ്ചായത്തുകളിലെ നിലവിലുള്ള ഗ്രാമീണ റോഡുകൾ തന്നെ വികസിപ്പിച്ച് മലയോര ഹൈവേ ശരിയാക്കാവുന്ന പദ്ധതിയാണിത്. മറ്റ് ഫണ്ടുകൾ വക തിരിച്ചു വിടുന്നതിനോട് പ്രദേശത്തെ ജനങ്ങൾക്ക് എതിർപ്പുണ്ട്. മണ്ണാർക്കാട്, മലമ്പുഴ, ചിറ്റൂർ മണ്ഡലങ്ങളിലെ മലയോര ഹൈവേ സംസ്ഥാനപാതയിലോ ജില്ലാപാതയിലോ യോജിപ്പിക്കാതെ പ്രത്യേകമായാണ് നിർമിക്കുന്നത്.