പ്രതീക്ഷകളിലേക്ക് ഉയരാതെ പോത്തുണ്ടിയിലെ ജലനിരപ്പ്
1339360
Saturday, September 30, 2023 1:13 AM IST
നെന്മാറ: കാലവർഷം വീണ്ടും ശക്തിപ്പെട്ടിട്ടും പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് കാര്യമായി ഉയർന്നില്ല.
വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ 17.42 അടിയാണ് നിലവിലെ ജലനിരപ്പ്.
കഴിഞ്ഞ ജൂലൈ അവസാനം 26.75 അടി വെള്ളം ഉണ്ടായിരുന്ന സമയത്താണ് ഒന്നാം വിളയ്ക്കായി അണക്കെട്ടിൽ നിന്നും വെള്ളം തുറന്നു കൊടുത്തത്.
സെപ്റ്റംബർ 10ന് ജലവിതരണം നിർത്തുമ്പോൾ അണക്കെട്ടിൽ 14.92 അടി വെള്ളമാണ് ശേഷിച്ചിരുന്നത്.
കാലവർഷം വീണ്ടും ശക്തി പ്രാപിച്ചിട്ടും പോത്തുണ്ടി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായിരുന്നില്ല.
കഴിഞ്ഞ ഒരാഴ്ചയായി മഴ തുടർന്നെങ്കിലും ജൂലൈ അവസാനം സംഭരിച്ചിരുന്ന വെള്ളം പോലും ഇപ്പോഴും ശേഖരിക്കാൻ കഴിഞ്ഞില്ല.
ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചു എങ്കിലും രണ്ടാം വിളയെ കുറിച്ചുള്ള ആശങ്കയിലാണ് കർഷകർ. ശേഷിക്കുന്ന ദിവസങ്ങളിലെ കാലവർഷവും തുലാമഴയിലും പ്രതീക്ഷയർപ്പിച്ച് രണ്ടാം വിളക്ക് ഞാറു പാകാൻ തയ്യാറാവുകയാണ് കർഷകർ.
സമീപപ്രദേശത്തെ അണക്കെട്ടായ മംഗലം ഡാം സംഭരണശേഷിയുടെ പരമാവധി എത്തിയതോടെ കഴിഞ്ഞദിവസം പുഴയിലേക്ക് വെള്ളം തുറന്നു വിട്ടിരുന്നു.
മംഗലം ഡാമിലെ അധിക ജലം തുറന്നതോടെയാണ് കർഷകർ പോത്തുണ്ടി ഡാമിലെ ജലനിരപ്പ് അന്വേഷിച്ചു തുടങ്ങിയതെന്ന് ഇറിഗേഷൻ വൃത്തങ്ങൾ പറഞ്ഞു.
കനത്ത മഴ ലഭിച്ച് ഉറവയായാലെ നീരൊഴുക്ക് ശക്തമായി ഡാം നിറയൂ എന്നും കർഷകർ പറയുന്നു.