അക്കൗണ്ട് തുറന്നു നൽകാതെ ബാങ്കുകൾ
1339359
Saturday, September 30, 2023 1:13 AM IST
നെന്മാറ: ബാങ്കുകളുടെ കൺസോർഷ്യത്തെ നെല്ലു വില നൽകുന്നതിനായി ചുമതലപ്പെടുത്തി സർക്കാർ കയ്യൊഴിഞ്ഞതായി കർഷകരുടെ പരാതി.
കഴിഞ്ഞ രണ്ടാംവിള നെല്ലു സംഭരണ വില ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന സർക്കാർ വാഗ്ദാനമാണ് പാഴായത്.
സ്റ്റേറ്റ് ബാങ്ക്, കനറാ ബാങ്ക് എന്നീ ബാങ്കുകളെയാണ് ഇതിനായി സർക്കാർ ചുമതലപ്പെടുത്തിയത്.
കർഷകരുടെ പേരും തുകയും അടങ്ങുന്ന ലിസ്റ്റ് സർക്കാർ കൃഷിഭവൻ, ബാങ്കുകൾ മുഖേന പ്രസിദ്ധപ്പെടുത്തി ബാങ്കുകളെ ബന്ധപ്പെടാൻ നിർദ്ദേശിച്ചിരുന്നു.
കേരള ബാങ്കുവഴി പണം ലഭിക്കാനായി രജിസ്റ്റർ ചെയ്ത കർഷകർക്കാണ് മറ്റു ബാങ്കുകൾ മുഖേന പണം സ്വീകരിക്കാൻ നിർദ്ദേശം ഉണ്ടായത്.
കനറാ ബാങ്കിൽ അക്കൗണ്ട് ഇല്ലാത്ത കർഷകരാണ് അക്കൗണ്ട് തുറക്കാൻ അപേക്ഷ നൽകി ഒരു മാസത്തോളം ആയിട്ടും അക്കൗണ്ട് തുറന്നു നൽകിയില്ലെന്ന പരാതിയുമായി വന്നത്.
എന്നാൽ ഓണത്തിന് മുമ്പ് അവധി ദിവസങ്ങളിൽ പോലും കർഷകർക്ക് പണം നൽകുന്നതിനായി കൃഷിഭവനകളിൽ ബാങ്ക് ഏർപ്പെടുത്തിയ ജീവനക്കാർ വന്ന് അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങൾ സ്വീകരിക്കുകയുണ്ടായി. ഈ അപേക്ഷകളിൽ പോലും ഇനിയും അക്കൗണ്ടുകൾ പൂർണമായി തുറന്നു നൽകിയിട്ടില്ല.
അക്കൗണ്ടുകൾ തുറന്ന മെസ്സേജ് ഫോണിൽ ലഭിച്ചാൽ മാത്രമേ ബാങ്ക് മുഖേന സപ്ലൈകോയ്ക്ക് വേണ്ടി ലോൺ അപേക്ഷ സ്വീകരിച്ച് കർഷകർക്ക് നെൽവില ലഭിക്കുകയുള്ളൂ.
അക്കൗണ്ട് തുറക്കാനുള്ള അപേക്ഷ സ്വീകരിക്കുമ്പോൾ ഒരാഴ്ചക്കകം കർഷകർക്ക് പണം നൽകുമെന്നാണ് ബാങ്കുകളും വാഗ്ദാനം ചെയ്തിരുന്നത്. ഈ വാഗ്ദാനമാണ് ഇപ്പോൾ പാലിക്കപ്പെടാതെ പോയത്.
നെന്മാറ കനറാ ബാങ്കിൽ 900 ത്തോളം കർഷകരുടെ അപേക്ഷകൾ ഉണ്ടെന്നും അതുകൊണ്ടാണ് അക്കൗണ്ട് തുടങ്ങാൻ വൈകുന്നതെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
എന്നാൽ പുതുതലമുറ ബാങ്കുകൾ മൊബൈലിലൂടെ പോലും സീറോ ബാലൻസ് അക്കൗണ്ട് നിമിഷങ്ങൾക്കകം തുറന്നു നൽകുന്ന കാലത്താണ് ആഴ്ചകളോളം ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള അപേക്ഷ ബാങ്കിൽ കെട്ടിവച്ചിരിക്കുന്നത്.
ബാങ്ക് അക്കൗണ്ട് നമ്പർ ലഭിച്ചു കിട്ടിയാൽ മാത്രമേ നെല്ല് സംഭരണ പിആർഎസ്. രസീതും മറ്റു രേഖകളും സമർപ്പിച്ച് കർഷകന് എട്ടുമാസം മുമ്പു സഭരിച്ച നെല്ലിന്റെ വില ലഭിക്കുകയുള്ളൂ